വാഷിങ്ടണ് ഡിസി: കമല ഹാരിസിന് പിന്തുണയുമായി അമേരിക്കന് മുന് പ്രസിഡന്റ് ബരാക് ഒബാമ. ശക്തിയേറിയ മത്സരമാണ് നടക്കാന് പോകുന്നതെന്ന് പറഞ്ഞ ഒബാമ, പുതിയ പ്രസിഡന്റായി കമല ഹാരിസിനെ സ്വീകരിക്കാന് അമേരിക്ക തയ്യാറായിരിക്കുന്നുവെന്നും പറഞ്ഞു. ചിക്കാഗോയില് നടക്കുന്ന ഡെമോക്രാറ്റിക് പാര്ട്ടിയുടെ നാഷണല് കണ്വെന്ഷനില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോസിക്യൂട്ടറായിരിക്കെ കമല ഹാരിസ് നടത്തിയ ഇടപെടലുകളെ കുറിച്ച് പരാമര്ശിച്ച ഒബാമ, അവര് വന്കിട ബാങ്കുകള്ക്കെതിരെയും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തവര്ക്കെതിരെ നടത്തിയ ഇടപെടലുകളും ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന് സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപിനെതിരെ പരോക്ഷമായ വിമര്ശനമാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളില് കമല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, സ്വന്തം വോട്ടര്മാര്ക്ക് വേണ്ടിയായിരിക്കില്ല അവരുടെ പ്രവര്ത്തനമെന്നും, തനിക്ക് മുന്നിൽ മുട്ടുമടക്കാത്തവരെ കമല ശിക്ഷിക്കില്ലെന്നും ഒബാമ പറഞ്ഞു.
അമേരിക്കക്കാര് അവരുടെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. നിലവിലെ പ്രസിഡന്റായ ജോ ബൈഡനില് താന് അഭിമാനിക്കുന്നു. വലിയ വെല്ലുവിളി നേരിട്ട ഘട്ടത്തില് ജനാധിപത്യത്തെ സംരക്ഷിച്ച ബൈഡനെ ഏറ്റവും മികച്ച പ്രസിഡന്റായി ചരിത്രം അടയാളപ്പെടുത്തും. 'അദ്ദേഹത്തെ എന്റെ പ്രസിഡന്റ് എന്ന് വിളിക്കാന് സാധിച്ചതില് ഞാന് അഭിമാനിക്കുന്നു, അദ്ദേഹമെൻ്റെ സുഹൃത്തായതില് ഞാന് അതിലേറെ അഭിമാനിക്കുന്നു', ഒബാമ പറഞ്ഞു.
കഴിഞ്ഞ ദിവസം ആരംഭിച്ച ഡെമോക്രാറ്റിക് ദേശീയ കണ്വെന്ഷനില് ജോ ബൈഡനും ഹിലരി ക്ലിന്റനും അടക്കമുള്ളവര് കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു. കമല മികച്ച പ്രസിഡന്റായിരിക്കുമെന്നാണ് ബൈഡന് പറഞ്ഞത്. തന്റെ ഭരണനേട്ടങ്ങളും ട്രംപ് ഭരണക്കാലത്തെ പരാജയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ വിടവാങ്ങല് പ്രസംഗം. 'ട്രംപ് നമ്മളെ പരാജിതരെന്ന് വിശേഷിപ്പിക്കുന്നു, പക്ഷെ യഥാര്ത്ഥത്തില് അദ്ദേഹമാണ് പരാജിതന്. നമ്മള് മുന്നിര രാജ്യമല്ലെന്ന് പറയുന്ന ഒരു രാജ്യത്തിന്റെ പേര് പറയാന് സാധിക്കുമോ? നമ്മളല്ലാതെ ലോകത്തെ ആരാണ് നയിക്കുക? താന് ആരാണെന്നാണ് ട്രംപ് ധരിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന് വെടിയുന്ന സൈനികരെ മോശം വാക്കുകള് ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്ളാഡിമിര് പുടിന് മുന്നില് ട്രംപ് ശിരസ് കുനിച്ചു. ഞാന് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കമല ഹാരിസ് ഒരിക്കലും അങ്ങനെ ചെയ്യില്ല', ബൈഡന് പറഞ്ഞു.
പ്രസിഡന്റെന്ന നിലയില് കമലാ ഹാരിസിന് പൂര്ണ പിന്തുണയുണ്ടാകുമെന്ന് ഹിലരി ക്ലിന്റനും പറഞ്ഞു. 'നമുക്ക് വേണ്ടി അവര് പോരാടും. കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങള്ക്ക് വേണ്ടിയും മികച്ച വേതനമുള്ള ജോലിക്കും വേണ്ടിയും അവര് പോരാടും. അതേ, അവര് ഗര്ഭചിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കും', ഹിലരി ക്ലിന്റന് പറഞ്ഞു. ട്രംപ് അദ്ദേഹത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് ഹിലരി വിമര്ശിച്ചു. ഇത്രയും നാള് സ്വന്തം കേസിന്റെ വിചാരണകളുടെ പിന്നാലെയായിരുന്ന അദ്ദേഹം. എന്നാല് ഒരു സുപ്രഭാതത്തില് ഉറക്കമുണര്ന്നപ്പോള് അയാള് സ്വന്തമായി ചരിത്രം ഉണ്ടാക്കി. 34 കുറ്റകൃത്യങ്ങളോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ആളാണ് ട്രംപെന്നും ഹിലരി ക്ലിന്റന് പറഞ്ഞു.