ദില്ലി: പോളണ്ട്, യുക്രെയ്ൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആൻഡ്രെജ് ദുഡയെ കാണുകയും തുടർന്ന് പോളണ്ടിലെ ഇന്ത്യൻ ജനതയോട് സംവദിക്കുകയും ചെയ്യും.
45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ടിലേക്കെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ച് 70 വർഷം ആയിരിക്കെയുള്ള ഈ സന്ദർശനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Leaving for Warsaw. This visit to Poland comes at a special time- when we are marking 70 years of diplomatic ties between our nations. India cherishes the deep rooted friendship with Poland. This is further cemented by a commitment to democracy and pluralism.
— Narendra Modi (@narendramodi) August 21, 2024
I will hold talks…
പോളണ്ട് സന്ദർശനത്തിന് ശേഷം മോദി നേരെ പോകുക യുക്രെയ്നിലേക്കാണ്. 23ന് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മോദി വിമാനമിറങ്ങും. പ്രസിഡന്റ് വ്ളാഡമിർ സെലൻസ്കിയെയും മോദി കാണും. കഴിഞ്ഞ മാസം മോദി റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുക്രെയ്ൻ സന്ദർശിക്കാത്തതിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുമെന്ന തീരുമാനം വന്നത്.
ഇന്ത്യക്ക് റഷ്യയുമായും യുക്രെയ്നുമായി നല്ല ബന്ധമാണുള്ളതെന്നും മേഖലയിലെ സമാധാനത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. മേഖലയിലെ സ്ഥിരതയ്ക്ക് വേണ്ടി ഇന്ത്യ എല്ലാ പിന്തുണയും നൽകാൻ തയ്യാറെന്നും വിദേശകാര്യ മന്ത്രാലയം നിലപാട് അറിയിച്ചു. റഷ്യ - യുക്രൈൻ സംഘർഷം തുടങ്ങിയത് മുതൽക്ക് ഇരു രാജ്യങ്ങളെയും പിണക്കാതെ മുന്നോട്ടുപോകുന്ന സമീപനമാണ് ഇന്ത്യയുടേത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും നിരവധി ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.