കാഠ്മണ്ഡു: നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 27 ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വിനോദസഞ്ചാരികളുമായി പോയ ബസ് നേപ്പാളി ഹൈവേയിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടവർ. രാംജീത് എന്ന മുന്ന, സരള റാണെ (42), ഭാരതി ജാവേഡ് (62), തുൾഷിറാം തവാഡെ (62), സരള തവാഡെ (62), സന്ദീപ് സരോഡെ (45), പല്ലവി സരോഡെ (43), അനുപ് സരോഡെ (22), ഗണേഷ് ഭരംബെ (40) ), നിലിമ ദണ്ഡേ (57), പങ്കജ് ഭംഗഡെ (45), പരിഭാരംബെ (8 വയസ്സ്), അനിത പാട്ടീൽ, വിജയ ഝവാഡെ (50), രോഹിണി ഝവാഡെ (51), പ്രകാശ് കോടി എന്നിവരാണ് അപകടത്തിൽ മരിച്ചത്. 43 യാത്രക്കാരുമായി പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്.
"നേപ്പാളിലെ തനാഹുൻ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 27 ഇന്ത്യൻ പൗരന്മാരുടെ മരണത്തിൽ ഞങ്ങൾ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു", വിദേശകാര്യ മന്ത്രാലയം എക്സിൽ പറഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റതായി മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാവരേയും വൈദ്യസഹായത്തിനായി കാഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്തു. ആശയവിനിമയം സുഗമമാക്കുന്നതിന് ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.