കീവ്: യുക്രൈൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കീവിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ മഹാത്മാഗാന്ധിയുടെ കാലാതീതമായ പ്രസക്തി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബാപ്പുവിൻ്റെ ആദർശങ്ങൾ സാർവത്രികവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതുമാണ്. അദ്ദേഹം കാണിച്ചുതന്ന പാതയിലൂടെ നമുക്കെല്ലാവർക്കും സഞ്ചരിക്കാമെന്നും മോദി പറഞ്ഞു.
പോളണ്ടിൽ നിന്ന് പത്തുമണിക്കൂർ തീവണ്ടിയാത്ര ചെയ്ത് വെള്ളിയാഴ്ചയാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ മോദിയെത്തിയത്. പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി ആശ്ലേഷിച്ചാണ് മോദിയെ സ്വീകരിച്ചത്. തുടർന്ന് മരിൻസ്കി കൊട്ടാരത്തിൽവെച്ച് മോദിയും സെലെൻസ്കിയും മൂന്നുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തി. ഹയാത് ഹോട്ടലിൽവെച്ച് മോദിക്ക് യുക്രൈനിലെ ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. കീവിലെ യുക്രൈൻ നാഷണൽ മ്യൂസിയം സന്ദർശിച്ച അദ്ദേഹം യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട യുക്രൈനിലെ കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലിയർപ്പിച്ചു.
മോദിയുടെ യുക്രൈൻ സന്ദർശനത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ മണ്ണിലെത്തിയത് എന്നതാണ് പ്രത്യേകത. റഷ്യൻ യുക്രൈൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളും ചർച്ചയാകും. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി സെലെൻസ്കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.