പാരിസ്: തെക്കൻ ഫ്രാൻസിലെ ബെത്ത് യാക്കോവ് സിനഗോഗിന് പുറത്ത് വൻ സ്ഫോടനം. സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ലെ ഗ്രാൻഡെ – മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു. സ്ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പൽ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. അഗ്നിക്കിരയായ കാറുകളിലൊന്നിൽ ഗ്യാസ് ക്യാനിസ്റ്റർ ഉണ്ടായിരുന്നു. ഇതോടെ തീ അതിവേഗം പടർന്ന് സിനഗോഗിൻ്റെ മുൻവാതിൽ തകർന്നതായി ലാ ഗ്രാൻഡെ-മോട്ടെ മേയർ സ്റ്റെഫാൻ റോസിൻ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും സ്ഥലത്തുണ്ടെന്നും പ്രദേശത്തെ തീയണയ്ക്കുന്നുണ്ടെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു. പൊലീസുകാരന് പരിക്കേറ്റതായി മേയർ സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥൻ്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
🔴🔵🟡 Explosion in front of the Beth Yaacov synagogue in La Grande-Motte, in Hérault, France 🇫🇷 pic.twitter.com/WYZfqkxAGL
— SVS NEWS AGENCY (@svsnewsagency) August 24, 2024
ഭീകരാക്രമണമാണ് നടന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരാൾ സിനഗോഗിന് മുന്നിൽ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങൾ നഗരത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ ആക്രമണത്തെ അപലപിക്കുകയും രാജ്യത്തെ ജൂത സമൂഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഫ്രാൻസിൽ വളർന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായ ഫാബിൻ റൗസൽ ആവശ്യപ്പെട്ടു.