ധാക്ക: ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില് പ്രവര്ത്തിക്കുന്ന രണ്ട് ബംഗ്ലാദേശ് നയതന്ത്രജ്ഞരെ പുറത്താക്കി ഇടക്കാല സര്ക്കാര്. ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തില് വന്നതായാണ് റിപ്പോര്ട്ട്. ഷബാന് മഹ്മൂദ്, രഞ്ജന് സേന് എന്നിവരെയാണ് ഇടക്കാല സര്ക്കാരിന്റെ ഉത്തരവ് പ്രകാരം ചുമതലകളില് നിന്ന് പുറത്താക്കിയത്. ഷബാന് മഹ്മൂദിന്റെ സേവന കാലയളവ് പൂര്ത്തിയാകുന്നതിന് മുമ്പാണ് ചുമതലകളില് നിന്ന് നീക്കിയിരിക്കുന്നത്. 2026ലാണ് രഞ്ജന് സേനന്റെ കാലാവധിയും അവസാനിക്കുന്നത്.
ഷെയ്ഖ് ഹസീന സര്ക്കാര് നിലം പതിച്ചതിനെതുടര്ന്നുള്ള ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങള് തമ്മിലുള്ള ആശങ്കകള് വര്ധിക്കുന്നതിന് പിന്നാലെയാണ് നയതന്ത്രരെ ചുമതലകളില് നിന്ന് നീക്കുന്ന നടപടി വന്നിരിക്കുന്നത്. ഷെയ്ഖ് ഹസീന ഇന്ത്യയില് അഭയം തേടിയതും അസ്വാരസ്യങ്ങള് വർധിക്കുന്നതിന് കാരണമായി. ബംഗ്ലാദേശില് സംഘര്ഷങ്ങള് ആരംഭിച്ചപ്പോള് തന്നെ ധാക്കയിലെ ഇന്ത്യന് ഹൈക്കമ്മീഷനിലെ ഭൂരിഭാഗം ജീവനക്കാരെയും നയതന്ത്രരുടെ കുടുംബങ്ങളെയും ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു.
ബംഗ്ലാദേശ് കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 44 പൊലീസുകാർ; ഹസീനയുടെ പലായനദിവസം 25 പേർ കൊല്ലപ്പെട്ടു1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില് പങ്കെടുത്തവരുടെ കുടുംബങ്ങള്ക്ക് അനുവദിച്ച സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്ത്ഥികള് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാര്ത്ഥികളുടെ പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് പ്രതിഷേധം സംഘര്ഷത്തിലെത്തുകയായിരുന്നു.
സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്ട്ടിയുടെ വിദ്യാര്ത്ഥി സംഘടനയും നേര്ക്കുനേര് എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. പിന്നാലെ ഈ മാസം അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. തുടര്ന്ന് നൊബേല് സമ്മാനജേതാവും സാമ്പത്തിക വിദഗ്ദനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില് ഇടക്കാല സര്ക്കാര് രൂപീകരിച്ചു. ജൂലൈയില് ആരംഭിച്ച പ്രതിഷേധം മുതല് ഇതുവരെ 600ലധികം ആളുകളാണ് ബംഗ്ലാദേശില് കൊല്ലപ്പെട്ടത്.