ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ജമാഅത്തെ ഇസ്ലാമിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി പുതിയ ഭരണ നേതൃത്വം. ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച നിരോധനമാണ് നീക്കം ചെയ്തത്. ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള ആരോപണങ്ങളില് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഭരണ നേതൃത്വം അറിയിച്ചു.
ദശലക്ഷക്കണക്കിന് അനുഭാവികളുള്ള ജമാഅത്തെ ഇസ്ലാമിയെ 2013ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഹസീനയുടെ നേതൃത്വത്തിലുളള സർക്കാർ പിന്നീട് ഓഗസ്റ്റ് ഒന്നിന് തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാർട്ടിയെ പൂർണമായും നിരോധിക്കുകയും ചെയ്തിരുന്നു. ഈ വിലക്കാണ് ഇപ്പോൾ നീക്കിയത്.
പാർട്ടിയുടെ തന്നെ വിദ്യാർത്ഥി സംഘടനയായ 'ഇസ്ലാമി ഛത്ര ഷിബിറി'ന് എതിരെയുളള വിലക്കും നീക്കിയതായി ഉത്തരവിൽ പറയുന്നു. തീവ്രവാദത്തിലും അക്രമത്തിലും പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞാണ് നിരോധനം നീക്കിയത്. ബംഗ്ലാദേശിലെ നാഷണലിസ്റ്റ് പാർട്ടിക്കൊപ്പം നിൽക്കുന്ന രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നാണ് ജമാഅത്തെ ഇസ്ലാമി.
'മരണത്തിന് സമാനമായ ജീവിതം'; ഫേസ്ബുക്കിൽ കുറിച്ച് മാധ്യമപ്രവർത്തക ജീവനൊടുക്കി