ജപ്പാനിൽ അപ്രതീക്ഷിത അരിക്ഷാമം; 'ഒബോൺ' ആഘോഷത്തിനിടെയുള്ള അരിക്ഷാമത്തിൻ്റെ കാരണങ്ങൾ

വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവും അരി ക്ഷാമത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്

dot image

ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഭൂകമ്പത്തിനും ടൈഫൂൺ ചുഴലിക്കാറ്റിനും പിന്നാലെ അരിക്ഷാമത്തിൻ്റെ ഭീതിയിലാണ് ജാപ്പനീസ് ജനത. ജപ്പാനികളെ സംബന്ധിച്ച് അവരുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവാണ് അരി. ആളുകൾ കൂട്ടമായി അരിവാങ്ങി കൂട്ടിയതോടെ മാർക്കറ്റുകളിൽ വലിയ അരിക്ഷാമമുണ്ടായതായാണ് റിപ്പോർട്ട്. ഈ നിലയിൽ പരിഭ്രാന്തപ്പെട്ട് അരിവാങ്ങി കൂട്ടുന്നതിനെതിരെ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂകമ്പ-ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഈ മാസം ആദ്യം സർക്കാർ നൽകിയിരുന്നു. ഇതിന് പിന്നാലെ ആളുകൾ വ്യാപകമായി വീടുകളിൽ അരി സംഭരിക്കാൻ തുടങ്ങിയത് ക്ഷാമത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്. അരിക്ഷാമത്തിൻ്റെ മറ്റൊരു ഘടകമായി വിലയിരുത്തപ്പെടുന്നത് അവധിയാണ്. ജപ്പാനിലെ ഏറ്റവും വലിയ അവധി ആഘോഷമായ 'ഒബോൺ' ഫെസ്റ്റിവെലിനോട് അനുബന്ധിച്ചാണ് അരിക്ഷാമം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജപ്പാനിലെ പരമ്പരാഗതമായ ആഘോഷമാണ് 'ഒബോൺ ഫെസ്റ്റിവെൽ'. കുടുംബത്തിലെ മരിച്ചുപോയ പിതൃക്കളെ സ്മരിക്കുന്ന ആഘോഷമാണിത്. ഈ ദിവസങ്ങളിൽ ആത്മാവ് ബന്ധുക്കളെ സന്ദർശിക്കാനായി എത്തുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തവണ ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 16വരെയായിരുന്നു 'ഒബോൺ' ഫെസ്റ്റിവെൽ ജപ്പാനിൽ ആഘോഷിച്ചത്. ഉത്സവാഘോഷത്തിൻ്റെ പശ്ചാത്തലത്തിലാണ് അരിക്ഷാമം ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. സൂപ്പർ മാർക്കറ്റുകളിൽ എത്തുന്ന അരി ആ ദിവസത്തിന്റെ പകുതിയോടെ വിറ്റുതീരുന്ന സാഹചര്യം ഉണ്ടെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ കടുത്ത ചൂടും ജലക്ഷാമവും ജപ്പാനിൽ വിളവെടുപ്പിനെ ബാധിച്ചിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ചുള്ള താഴ്ന്ന വിളവെടുപ്പും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവും അരി ക്ഷാമത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകളോട് ശാന്തമായിരിക്കതാനും അരിക്ഷാമത്തിന്റെ സാഹചര്യം എത്രയും വേഗം പരിഹരിക്കുമെന്നും ജപ്പാനീസ് കൃഷി മന്ത്രി തെത്സുഷി സകാമോട്ടോ വ്യക്തമാക്കി. 1999ന് ശേഷം ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറവ് അരിയുടെ സ്റ്റോക്കാണ് ഇത്തവണ ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.

പുതിയ വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതോടെ സെപ്റ്റംബർ അവസാനത്തോടെ വിളകളുടെ 40 ശതമാനത്തോളം ലഭ്യമാകുമെന്നാണ് ജപ്പാനീസ് കൃഷി മന്ത്രാലയത്തെ ഉദ്ധരിച്ച് എഎഫ്പി വ്യക്തമാക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us