യുക്രെയ്നിൽ പേരാടാൻ കിം നൽകിയത് ഷെല്ലുകൾ; പകരം പുടിൻ കിമ്മിന് നൽകിയത് 24 കുതിരകൾ

ഓഗസ്റ്റിൽ പുടിൻ കിമ്മിന് 447 ആടുകളും സമ്മാനമായി നൽകിയിരുന്നു

dot image

കൊടുക്കൽ വാങ്ങലുകൾ എല്ലാം രാജ്യങ്ങൾ തമ്മിൽ പതിവാണെങ്കിലും റഷ്യയും ഉത്തര കൊറിയയും തമ്മിൽ ഉള്ള ആ ബന്ധം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഉത്തര കൊറിയൻ തലവനായ കിം ജോങ് ഉന്നിന് നൽകിയ സമ്മാനത്തിൻ്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുക്രെയ്നെതിരായ യുദ്ധത്തിൽ പീരങ്കി ഷെല്ലുകളും ആയുധങ്ങളും ഉത്തര കൊറിയ നൽകിയതിൽ ആദരസൂചകമായി പുടിൻ കിമ്മിന് പകരമായി നൽകിയ സമ്മാനമാണ് ഈ വാർത്തകളിലെ താരം. 24 കുതിരകളെയാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ കിം ജോങ് ഉന്നിന് സമ്മാനമായി നൽകിയത്.

കിമ്മിന് പ്രിയങ്കരമെന്ന് പറയപ്പെടുന്ന ഓർലോവ് ട്രോട്ടർ ഇനത്തിലെ പത്തൊൻപത് സ്റ്റാലിയനുകളും അഞ്ച് മാർമാരുമാണ് പുടിൻ സമ്മാനിച്ചത്. പർവ്വതങ്ങൾക്കരികിൽ വെളുത്ത സ്റ്റാലിയൻ കുതിരയിൽ സവാരി ചെയ്യുന്ന കിമ്മിൻ്റെ ചിത്രം വളരെ അധികം പ്രചാരം നേടിയിരുന്നു. 2019-ലായിരുന്നു മാധ്യമങ്ങൾ ഈ ചിത്രം പുറത്തുവിട്ടത്. ഉത്തര കൊറിയൻ പൈതൃകത്തിൻ്റെ പ്രതീകമായ കുതിരപ്പുറത്തായിരുന്നു കിം സഞ്ചരിച്ചത്. പുരാണങ്ങളിലെ ചിറകുള്ള കുതിരായ ചൊല്ലിമയുടെ പേരാണ് ഈ കുതിരയ്ക്ക് നൽകിയിരിക്കുന്നത്. 1950-53ലെ കൊറിയൻ യുദ്ധത്തിന് ശേഷം രാജ്യത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധി പരിശ്രമങ്ങൾക്കും ഈ പേരാണ് നൽകിയത്. ഉത്തര കൊറിയയുടെ ഒരു റോക്കറ്റ് ബൂസ്റ്ററിൻ്റെ പേര് ചൊല്ലിമ-1 എന്നായിരുന്നു. അധികാരത്തിൻ്റെ കടിഞ്ഞാൺ കൈവശം വച്ചിരിക്കുന്ന ശക്തിയും വിധിയുമുള്ള ഒരു മനുഷ്യനുണ്ടെന്ന് ഉത്തര കൊറിയക്കാർക്ക് ആത്മവിശ്വാസം നൽകാനാണ് വെളുത്ത സ്റ്റാലിയൻ്റെ പുറത്ത് കിം സഞ്ചരിക്കുന്ന ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വിശകലന വിദഗ്ധനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

സൺഗ്ലാസും സ്വർണ്ണ ചെയിനും പട്ടാള ഉടുപ്പും ധരിച്ച് ബ്രൗണ് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന പുടിൻ്റെ ഫോട്ടോയും പ്രശസ്തമാണ്. ഇതിന് മുൻപ് ജൂണിൽ കിം പുടിന് വേട്ട നായ്ക്കളുടെ പ്രാദേശിക ഇനമായ ഒരു ജോടി പുങ്സാൻ നായ്ക്കളെ സമ്മാനമായി നൽകിയിരുന്നു. ഓഗസ്റ്റിൽ പുടിൻ കിമ്മിന് 447 ആടുകളും സമ്മാനമായി നൽകിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ ബന്ധവും ഇതിനിടയിൽ ശക്തിപ്പെട്ടിരുന്നു. സമഗ്രമായ സഖ്യകരാർ ഇരുനേതാക്കളും ഒപ്പിട്ടിരുന്നു.

dot image
To advertise here,contact us
dot image