മാർപാപ്പയുടെ നേതൃത്വത്തിൽ ഒരു ക്രിക്കറ്റ് ടീം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? എന്നാൽ അത്തരത്തിൽ ഒരു ക്രിക്കറ്റ് ടീം ഉണ്ട്. ‘സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ടീം വത്തിക്കാൻ’ എന്നാണ് പേര് ടീമിൻ്റെ പേര്. എന്നാൽ നമ്മളെ സംബന്ധിച്ച് അഭിമാനമാകുന്നത് ഈ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ്. ടീമിൽ ക്യാപ്റ്റനുൾപ്പെടെ ഭൂരിഭാഗം അംഗങ്ങളും മലയാളി വൈദികരാണെന്നതാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒടുവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ് ടീം പങ്കാളികളായത്. നാല് മത്സരങ്ങളാണ് ഇവർ ഇംഗ്ലണ്ടിൽ കളിച്ചത്.
ചങ്ങനാശ്ശേരി സ്വദേശി ഫാ.ജോസ് ഈറ്റോലിലാണ് ടീമിൻ്റെ ക്യാപ്റ്റൻ . ക്യാപ്റ്റനെ കൂടാതെ ഫാ. ജോജി കാവുങ്കൽ, ഫാ. ജോസ് റീച്ചസ് എസ്എസി, ഫാ. പോൾസൺ കൊച്ചുതറ, ഫാ.സാന്റോ പുതുമനകുന്നത്ത്, ഫാ.നെൽസൺ പുത്തൻപറമ്പിൽ, ഫാ. പ്രിൻസ് തെക്കേപ്പുറം, ഫാ. അബിൻ മാത്യു , ഫാ. അബിൻ ഇല്ലിക്കൽ, ബ്രദർ അബിൻ ജോസ്, ബ്രദർ ജെയ്സ് ജെയ്മി, ബ്രദർ അജയ് ജോ ജെയിംസ് എന്നിവരാണ് ടീമിലെ മലയാളികൾ. ഇതിൽ ഒമ്പത് പേർ വൈദികരും ബാക്കി മൂന്നുപേർ വൈദിക വിദ്യാർത്ഥികളുമാണ്. ഓസ്ട്രേലിയലിലെ മുൻ ജില്ലാ ക്രിക്കറ്റ് ടീം അംഗം ഡെയ്ൻ കിർബിയാണ് ടീമിൻ്റെ പരിശീലകൻ. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന വൈദികരാണ് ടീമിൽ ഇടം പിടിച്ചത്. ഇത്തരത്തിൽ വൈദികരുടെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് ഒരു ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. പ്രധാനമായും ടി20 മത്സരങ്ങളാണ് ടീം കളിക്കുക. ചില അവസരങ്ങളിൽ 30 ഓവറിൻ്റെ മത്സരങ്ങളിലും ടീം പങ്കെടുക്കാറുണ്ട്.
2014ൽ ആരംഭിച്ച ക്രിക്കറ്റ് ടീമിനെ ഈ വർഷം ജനുവരി മുതലാണ് 'അത്ലറ്റിക്ക വത്തിക്കാന'യുടെ ഔദ്യോഗിക ടീമായി പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ അംബാസഡർ ജോൺ മക്കാർത്തി റോമിലെ മാത്തർ എക്ളേസിയേ സെമിനാരി സന്ദർശിക്കാനായി ഒരിക്കൽ വന്നിരുന്നു. അപ്പോൾ അവിടെയുള്ളവരുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടവും താത്പര്യവും കണ്ടപ്പാേഴാണ് ഇത്തരത്തിൽ ടീം ആരംഭിച്ചാലോ എന്ന ആശയം അദ്ദേഹം മുന്നോട്ട് വെക്കുന്നത്. പിന്നീട് ടീമിനായി മത്സരം ക്രമീകരിച്ചതും അദ്ദേഹമായിരുന്നു. കായികരംഗത്തിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കുന്ന കാഴ്ചപ്പാടിന് സാക്ഷ്യം വഹിക്കാനാണ് ടീമംഗങ്ങളോട് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചത്. ബ്രിട്ടൻ, അർജന്റീന, ഇറ്റലി, കെനിയ, പോർചുഗൽ, മാൾട്ട എന്നീ രാജ്യങ്ങളിൽ ഇതിനകം തന്നെ ടീം പര്യടനം നടത്തിയിട്ടുണ്ട്.