ടൈറ്റാനിക് എന്ന പേര് എത്ര തവണ കേട്ടിട്ടുണ്ടാകും നമ്മൾ? ഒരിക്കലൂം എണ്ണാൻ സാധിക്കാത്തത്ര അല്ലെ. കന്നിയാത്രയിൽ തന്നെ അപകടത്തിൽപെട്ട് മുങ്ങിപ്പോയ ലോകത്തെ ആദ്യത്തെ അത്യാഢംബര കപ്പലിനെ അങ്ങനെയാരും മറക്കാനിടയില്ല. അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിൽ ഇപ്പോഴും കപ്പലിന്റെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാനായി സഞ്ചാരികളുമായി അറ്റ്ലാൻ്റിക്കിൻ്റെ ആഴങ്ങളിലേയ്ക്ക് കുതിച്ച 'ടൈറ്റൻ' എന്ന അന്തർവാഹിനിക്കുണ്ടായ അപകടം പോലും ടൈറ്റാനിക്കിനോടുള്ള ലോകത്തിൻ്റെ അഭിനിവേശത്തെയാണ് അടയാളപ്പെടുത്തിയത്. എന്നാൽ ഇനി കാണണമെന്ന് ആഗ്രഹിച്ചാലും പറ്റാത്ത രീതിയിലേയ്ക്ക് ടൈറ്റാനിക്ക് കടലിനടയിൽ നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെയടുത്തേയ്ക്ക് ഏറ്റവുമൊടുവിൽ നടന്ന പര്യവേക്ഷണത്തിൽ കപ്പലിന്റെ ഭാഗങ്ങൾ ഓരോന്നായി നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണ്ടെത്തൽ. മുൻപ് കണ്ട കപ്പൽ ഭാഗങ്ങളിൽ പലതും ഇപ്പോഴില്ലെന്ന് പര്യവേക്ഷണ സംഘം പറയുന്നു. ടൈറ്റാനിക്ക് സിനിമയിൽ ജാക്കും റോസും കൈപിടിച്ച് നിന്ന പ്രണയനിമിഷത്തിന് സാക്ഷിയായ കപ്പലിന്റെ റെയ്ലിങ്ങ് ഭാഗമാണ് നിലവിൽ നശിച്ചിരിക്കുന്നത്. സംഘം നടത്തിയ ലേസർ പരിശോധനയിൽ റെയ്ലിങ്ങ് പിന്നീട് കടലിന്റെ അടിത്തട്ടിൽ നിന്നാണ് കണ്ടെത്തിയത്.
ഇതാദ്യമായല്ല കപ്പലിന്റെ ഭാഗങ്ങൾ നശിച്ചുപോകുന്നതായി അധികൃതർ കണ്ടെത്തുന്നത്. ലോഹഭാഗങ്ങൾ സൂക്ഷ്മജീവികൾ തിന്നുതീർക്കുന്നതായി പര്യവേഷണത്തിൻ്റെ ഭാഗമായി നടത്തിയ നിരവധി ഡൈവുകളിൽ നേരത്തെ കണ്ടെത്തിയിരുന്നു. 2019-ൽ വിക്ടർ വെസ്കോവോയുടെ നേതൃത്വത്തിൽ നടത്തിയ ഡൈവുകൾ, ഓഫിസർമാരുടെ ക്വാർട്ടേഴ്സിൻ്റെ ഒരു വശം തകർന്നതായും, റൂമുകൾ ഇല്ലാതെയായതുമെല്ലാം കണ്ടെത്തിയിരുന്നു. ഇനിയും ചിത്രങ്ങൾ പുറത്തുവരുമെന്നും പര്യവേക്ഷണത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഉടൻ പുറത്തുവിടുമെന്നുമാണ് പര്യവേക്ഷകർ അറിയിക്കുന്നത്. ഇവയ്ക്ക് പുറമെ ഓരോ ഡൈവിലും കപ്പലിലുണ്ടായിരുന്ന ഏതെങ്കിലും വസ്തുക്കളും സാധാരണ ലഭിക്കാറുണ്ട്.
1912 ഏപ്രിൽ 14-ന് രാത്രിയിലായിരുന്നു ടൈറ്റാനിക് അപകടത്തിൽപ്പെട്ടത്. ലോകം ഞെട്ടിയ ആ മഹാദുരന്തത്തിൽ 1,500-ലധികം പേർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടത്. ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശേഷം 1985ൽ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകൾ കണ്ടെത്താനിറങ്ങിയ പര്യവേക്ഷകരാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. നിലവിലെ പര്യവേക്ഷണങ്ങളിൽ കപ്പൽ ഭാഗങ്ങൾ തകർന്നുതുടങ്ങുന്നതായി തെളിഞ്ഞതോടെ, ആ ചരിത്രനിർമിതി ഇനിയെത്ര കാലം ഭാഗികമായെങ്കിലും ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.