സ്പാനിഷ് ദ്വീപായ മല്ലോർക്കയിലെ ജെനോവേസ ഗുഹയിൽ ആളുകൾ താമസിച്ചിരുന്നതായി തെളിയിക്കുന്ന ചില തെളിവുകൾ കണ്ടെത്തിയതായി പഠനം. ഗുഹയുടെ ആഴത്തിൽ മുങ്ങിപ്പോയ ഒരു പുരാതന പാലത്തിൻ്റെ തെളിവുകളാണ് ലഭിച്ചത്. പടിഞ്ഞാറൻ മെഡിറ്ററേനിയനിലുട നീളം മനുഷ്യർ താമസിച്ചിരുന്ന സമയത്തെ കുറിച്ചും കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെൻ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ മനുഷ്യർ താമസിച്ചിരുന്ന കാലത്ത് ഉണ്ടായ മാറ്റത്തെ പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വെള്ളത്തിനടിയിൽ കണ്ടെത്തിയ പുരാതന പാലത്തിൻ്റെ പഴക്കം ദ്വീപുകളിലെ മനുഷ്യവാസത്തിൻ്റെ പഴക്കം നിർണ്ണയിക്കാനും വിദഗ്ധരെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുരാതന പാലത്തോടൊപ്പം കണ്ടെത്തിയ "ബാത്ത് ടബ് റിംഗ്"ന് 6,000 വർഷത്തെ പഴക്കമുള്ളതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ആദ്യകാല കുടിയേറ്റക്കാർ ഗുഹയുടെ ജലസ്രോതസ്സുകൾ തിരിച്ചറിയുന്നതിനായി തന്ത്രപരമായി നിർമ്മിച്ച അടിസ്ഥാന സൗകര്യങ്ങൾ തിരിച്ചറിയാനും ഈ പുരാതന പാലത്തിൻ്റെ കണ്ടെത്തലിലുടെ സാധിച്ചു.
പുരാതന പാലം വലിയ ചുണ്ണാമ്പുകല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പ്രാചീന കാലത്ത് എങ്ങനെയാണ് പൂർവ്വീകർ ഇത്തരത്തിൽ ഒരു പാലം നിർമ്മിച്ചതെന്നും നിർമ്മാണത്തിനായി അവർ ഉപയോഗിച്ചിട്ടുള്ള തന്ത്രങ്ങൾ എന്തെല്ലാമാണെന്നും ഇപ്പോഴും വ്യക്തമല്ല. പാലം നിർമ്മിച്ചവർ ഗുഹയുടെ പ്രവേശന കവാടത്തെ ഗുഹയ്ക്കുള്ളിലെ തടാകത്തിനപ്പുറത്തുള്ള അറയുമായി ബന്ധിപ്പിക്കാനായി ഒരു വഴിയും നിർമ്മിച്ചിട്ടുള്ളതായി ഗവേഷകർ കണ്ടെത്തി. 2000-ലാണ് പാലം ആദ്യമായി കണ്ടെത്തിയത്. ഗുഹയുടെ അറകളിൽ നിന്ന് മൺപാത്രത്തിൻ്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചില വസ്തുകളും കണ്ടെത്തി. ഇതിന് ഏകദേശം 3,500 വർഷം പഴക്കമുള്ളതായാണ് പഠനം പറയുന്നത്.
ഗുഹയ്ക്കുള്ളിലെ വെള്ളത്തിനടിയിലുള്ള പാലത്തിൻ്റെ രൂപവും നിറവും പാലം രൂപം കൊണ്ട സമയം എന്നിങ്ങനെ എല്ലാത്തിനെ പറ്റിയും ഗവേഷകർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതിന് മുമ്പ് 400 മുതൽ 500 വർഷം വരെ പാലം ഉപയോഗിച്ചിരുന്നിരിക്കാം പിന്നീട് ഗുഹയിലെ തടാകം പാലത്തെ മൂടിയതാവാം എന്നും പറയപ്പെടുന്നുണ്ട്. എന്നിരുന്നാലും, പുരാതന മനുഷ്യർ ഈ ഗുഹ എങ്ങനെ ഉപയോഗിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ഗവേഷകരുടെ പക്കൽ ഇപ്പോഴും ഇല്ല.