കറാച്ചി: ആഡംബര വാഹനം ഇടിച്ച് പിതാവും മകളും മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച സ്ത്രീയ്ക്ക് മാപ്പ് നൽകി മരിച്ചവരുടെ ബന്ധുക്കൾ. പാകിസ്താനിലെ സമ്പന്ന വ്യവസായ കുടുംബത്തിൽ നിന്നുള്ള നടാഷ ഡാനിഷ് ഓടിച്ച വാഹനം ഇടിച്ചാണ് ദരിദ്ര കുടുംബത്തിൽ നിന്നുള്ള പിതാവും മകളും മരിച്ചത്. സംഭവം നടന്നതിന് ശേഷം ആളുകൂടുകയും പൊലീസ് ഇൻക്വസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതിനിടെ പരിഹാസച്ചിരിയോടെ നിന്ന നടാഷയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിരൽ ചൂണ്ടിക്കൊണ്ട് തന്റെ പിതാവാരാണെന്ന് അറിയില്ലെന്ന അവരുടെ വാക്കുകളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ കുറ്റബോധമില്ലാതെയുള്ള നടാഷയുടെ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്.
കറാച്ചിയിലുണ്ടായ അപകടത്തിൽ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ഓഗസ്റ്റ് 19നായിരുന്നു അപകടം. ഇമ്രാൻ ആരിഫും മകൾ അംന ആരിഫും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. കടകളിൽ പേപ്പറുകൾ വിറ്റാണ് ഇമ്രാൻ കുടുംബം പുലർത്തിയിരുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു മകൾ അംന.
അപകടത്തിൽ പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ വിചാരണ നേരിടാനിരിക്കെ ഒത്തുതീർപ്പാക്കുകയായിരുന്നു. അള്ളാവുവിന്റെ നാമത്തിൽ വാഹനമോടിച്ചയാൾക്ക് മാപ്പ് നൽകുന്നുവെന്ന് മരിച്ചവരുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ പ്രതിനിധീകരിച്ച് ബാരിസ്റ്റർ ഉസൈർ ഘൌരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് മാപ്പ് നൽകിയെന്ന് അറിയിച്ച് ആരിഫിന്റെ കുടുംബം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതോടെ പ്രതിക്ക് കേസിൽ ജാമ്യം ലഭിച്ചു.
പ്രതിക്ക് മാനസ്സിക പ്രശ്നമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. 2005 മുതൽ നടാഷ മാനസ്സികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നാണ് വാദം. കുടുംബം ദയാധനം സ്വീകരിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. എന്നാൽ അള്ളാഹുവിന്റെ നാമത്തിലാണ് മരിച്ചവരുടെ കുടുംബം മാപ്പ് നൽകിയതെന്നും അവർ പണം സ്വീകരിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. പാകിസ്താനിൽ ശരിഅത്ത് നിയമപ്രകാരം, പ്രതി കൊലപാതകം ചെയ്താൽ പോലും ഇരയുടെ കുടുംബത്തിന് പ്രതിക്ക് മാപ്പ് നൽകാനാകും.