ആർഎസ്എസിന് ഇന്ത്യയെ മനസിലാകില്ല; യുഎസിലെ ഇന്ത്യൻ പൗരന്മാർ രണ്ട് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലം: രാഹുൽ ഗാന്ധി

മോദിയുടെ 56 ഇഞ്ച് നെഞ്ച്, ദൈവത്തോട് നേരിട്ടുള്ള ബന്ധം എന്ന വാദമൊക്കെ വെറും ചരിത്രം മാത്രമായി മാറി

dot image

വാഷിങ്ടൺ ഡിസി: യുഎസ് സന്ദർശനത്തിനിടെ ആർ‌എസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ബിജെപിയുടെ പ്രത്യയശാസ്ത്ര പ്രകാരം ഒരു വ്യക്തിക്ക് രണ്ട് ഐഡന്റിറ്റിയുണ്ടാകാൻ പാടില്ല. ഒരേ സമയത്ത് നിങ്ങൾക്ക് അമേരിക്കൻ വംശജനും ഇന്ത്യൻ വംശജനുമായിരിക്കാൻ സാധിക്കില്ല. രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് യുഎസിലെ ഇന്ത്യൻ വിഭാ​ഗം. കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നതും വാദിക്കുന്നതും സ്നേഹവും ഐക്യവും പ്രചരിപ്പക്കണമെന്നാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വാഷിങ്ടൺ ഡിസിയിലെ മെട്രോ പ്രദേശത്ത് നടത്തിയ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'ബിജെപിയുടെ കാഴ്ചപ്പാട് പ്രകാരം നിങ്ങൾക്ക് ഒരേ സമയത്ത് രണ്ട് ഐഡന്റിറ്റി ഉണ്ടാകാൻ പാടില്ല. ഒരേ സമയം നിങ്ങൾക്ക് അമേരിക്കൻ വംശജനും ഇന്ത്യൻ വംശജനുമായിരിക്കാൻ സാധിക്കില്ല. ഇതിനെതിരെയാണ് ഞങ്ങൾ പോരാടുന്നത്. ഞങ്ങൾ വാദിക്കുന്നത് വിദ്വേഷം പ്രചരിപ്പിക്കരുതെന്നാണ്. സ്നേഹം പ്രചരിപ്പിക്കുക. ധാർഷ്ട്യത്തോടെയല്ല, സൗമ്യതയോടെ പെരുമാറുക. മറ്റു മനുഷ്യരെ, ഭാഷകളെ സംസ്കാരത്തെ മൂല്യങ്ങളെ അപകീർത്തിപ്പെടുത്താതിരിക്കുക. ഇത് ചെയ്തില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിജയിക്കില്ല. നിങ്ങൾ ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും അമേരിക്കയിലേക്കും, അമേരിക്കയുടെ പാരമ്പര്യവും ചിന്തകളും ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. രണ്ട് മഹത്തായ യൂണിയനുകളെ ബന്ധിപ്പിക്കുന്ന പാലമാണ് നിങ്ങൾ‌. യുഎസിലെത്താൻ നിങ്ങൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ ഞങ്ങൾക്ക് മനസിലാകും. നിങ്ങൾ ഇവിടെ വരുന്നത് വിനയവും, ബഹുമാനവും, സ്നേഹവുമുള്ള പൗരന്മാരായാണ്. യുഎസ് നിങ്ങളോട് അപകർഷത കാണിച്ചുവെന്ന് നിങ്ങൾ പറഞ്ഞിട്ടില്ല, യുഎസിനെ നിങ്ങൾ വെറുക്കുന്നുവെന്നും പറഞ്ഞിട്ടില്ല. നിങ്ങൾ ഇന്ത്യയെ കുറിച്ചും അമേരിക്കയെ കുറിച്ചും ബഹുമാനമുള്ളവരാണ്', അമേരിക്കയിലെ ഇന്ത്യൻ വിഭാ​ഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ​ഗാന്ധി പറഞ്ഞു.

ആർഎസ്എസിന് ഇന്ത്യയെ മനസിലാകില്ല. ഇന്ത്യയെന്നാൽ യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നാണ് വിളിക്കുന്നത്. ഭരണഘടനയിൽ വ്യക്തമായി ഇത് പരാമർശിച്ചിട്ടുണ്ട്, ഇന്ത്യ- അതായത് ഭാരതം എന്നാൽ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. സംസ്ഥാനങ്ങളുടെ കൂട്ടായ്മ എന്നാൽ ഭാഷകളുടെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും സം​ഗീതത്തിന്റെയും നൃത്തത്തിന്റെയും യൂണിയൻ എന്ന് കൂടിയാണ് അർത്ഥമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

'ആർഎസ്എസ് പറയുന്നത് ചില പ്രദേശങ്ങൾ, സംസ്ഥാനങ്ങൾ, വിഭാ​ഗങ്ങൾ മറ്റ് ചിലരോട് അപകർഷതബോധം വച്ച് പുലർത്തുന്നുണ്ട് എന്നാണ്. ഇതിനെതിരെയാണ് പോരാട്ടം. എല്ലാ പൗരന്മാർക്കും അവരുടേതായ സംസ്കാരവും, വിശ്വാസവും പാരമ്പര്യവുമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഓരോ വ്യക്തിയും പ്രധാനമാണ്, അവരുടെ വിശ്വാസങ്ങളും. തമിഴ് സംസാരിക്കാൻ പാടില്ലെന്ന് ഒരാൾ പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. തമിഴ്, മറാത്തി, ബം​ഗാളി, മണിപ്പൂരി, ഇവയെല്ലാം താഴ്ന്ന ഭാഷകളാണ്. അത് പോളിംഗ് ബൂത്തിലും ലോക്‌സഭയിലും വിധാൻസഭയിലുമാണ് അവസാനിക്കുന്നത്. പോരാട്ടം നടക്കുന്നത് എന്ത് തരത്തിലുള്ള ഇന്ത്യയാണ് നമുക്ക് ഉണ്ടാകാൻ പോകുന്നത് എന്നതിലാണ്. എല്ലാവർക്കും അവർക്കിഷ്ടമുള്ള വിശ്വാസങ്ങൾ പിന്തുടരാൻ സാധിക്കുന്ന ഇന്ത്യയാണോ അതോ ചിലർ തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം സംഭവിക്കുന്ന ഇന്ത്യയാണോ നമുക്കുണ്ടാകാൻ പോകുന്നത്?', രാഹുൽ ​ഗാന്ധി പറഞ്ഞു.

നേരത്തെ വിർജീനിയയിൽ നടന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ​ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

'ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ചെറുകിട കച്ചവടക്കാരിൽ പോലും ഏജൻസികളെ ഉപയോ​ഗിച്ച് ഭയവും സമ്മർദ്ദവുമുണ്ടാക്കി. അതെല്ലാം സെക്കന്റുകൾക്കൊണ്ട് തകർന്നുവീണു. തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങളിൽ മാറ്റം സംഭവിച്ചു. ഞങ്ങൾക്ക് ഇപ്പോൾ ഭയമില്ല, ഭയമെല്ലാം നഷ്ടപ്പെട്ടുവെന്ന് ജനങ്ങൾ ഉറക്കെ പറയാൻ തുടങ്ങി. വർഷങ്ങളെടുത്തു മോദിക്കും ബിജെപിക്കും സാധാരണക്കാർക്കിടയിലേക്ക് ഭയം വിതറാൻ. എന്നാൽ അത് തകർന്നടിയാൻ സെക്കന്റുകൾ മാത്രമാണ് വേണ്ടിവന്നത്. പാർലമെന്റിൽ മോദിയെ ഞാൻ എന്റെ കണ്ണിന് നേരെ കാണുകയാണ്. 56 ഇഞ്ച് നെഞ്ച്, ദൈവത്തോട് നേരിട്ടുള്ള ബന്ധം.. ഇതെല്ലാം പോയി. ഇതൊക്കെ ഇന്ന് വെറും ചരിത്രം മാത്രമായിരിക്കുകയാണ്,' രാഹുൽ ​ഗാന്ധി പറഞ്ഞു.

dot image
To advertise here,contact us
dot image