'റഷ്യയ്ക്ക് ഇറാന്‍ വക ബാലിസ്റ്റിക് മിസൈല്‍'; ഒരാഴ്ചയ്ക്കുള്ളില്‍ യുക്രൈനില്‍ ആക്രമണമെന്ന് യുഎസ്

ഇറാനെതിരെ അമേരിക്ക കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു

dot image

ലണ്ടന്‍: റഷ്യയ്ക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറിയെന്ന ആരോപണവുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഈ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യ ഒരാഴ്ചയ്ക്കുള്ളില്‍ യുക്രൈന് നേരെ ആക്രമണം അഴിച്ചുവിടുമെന്നും ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യയ്ക്ക് ഇറാന്റെ സഹായം വര്‍ധിച്ചുവരികയാണ്. തുടര്‍ച്ചയായി മിസൈലുകള്‍ കൈമാറുന്നു. ഇറാനെതിരെ അമേരിക്ക കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ലണ്ടന്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആന്റണി ബ്ലിങ്കന്റെ പ്രതികരണം. ഇറാനെതിരെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മിയും രംഗത്തെത്തി.

2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം പരിഹാരമില്ലാതെ നീളുകയാണ്. മോസ്‌കോയില്‍ കഴിഞ്ഞ ദിവസം യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യ ആരോപിച്ചു. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. അന്‍പതോളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും റഷ്യ പറഞ്ഞു. അതേസമയം തന്നെ യുക്രൈനിലെ ക്രാസ്‌നോറിക്കയിലുള്ള മൂന്ന് ഗ്രാമങ്ങള്‍ സൈസ്യം പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അതിനിടെ റഷ്യയ്‌ക്കെതിരെ ആരോപണവുമായി യുക്രൈനും രംഗത്തെത്തി. ഇന്നലെ രാത്രി മാത്രം 46 ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ അഴിച്ചുവിട്ടു. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും യുക്രൈന്‍ ആരോപിച്ചു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച മോസ്‌കോ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയും യുക്രൈനും സന്ദര്‍ശിച്ച് രണ്ട് രാജ്യങ്ങളിലേയും പ്രസിഡന്റുമാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ഡോവല്‍ മോസ്‌കോയിലെത്തി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image