വാഷിങ്ടൺ: അമേരിക്കന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ന് ഫിലാഡൽഫിയയിൽ സംവാദം നടത്തും.പ്രാദേശിക സമയം രാത്രി 9:00നാണ് ഫിലാഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെൻ്ററിൽ സംവാദം നടക്കുക.
സംവാദം സംപ്രേഷണം ചെയ്യുമെന്നും മുറിയിൽ പ്രേക്ഷകർ ഉണ്ടാകില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംവാദം എബിസി അവതാരകരായ ഡേവിഡ് മുയറും ലിൻസി ഡേവിസുമാണ് മോഡറേറ്റ് ചെയ്യുക. 90 മിനിറ്റാണ് സംവാദ സമയം ക്രമീകരിച്ചിരിക്കുന്നത്.
ഓരോ സ്ഥാനാർത്ഥികളുടെയും മൈക്രോഫോൺ അവരുടെ ഊഴമാകുമ്പോൾ മാത്രമേ
ഓൺ ചെയ്യുകയുള്ളു. മറ്റ് സ്ഥാനാർത്ഥിയുടെ സമയം വരുമ്പോൾ നിശബ്ദമാക്കുമെന്നും എബിസി പറഞ്ഞു.ചോദ്യങ്ങൾ ചോദിക്കാൻ മോഡറേറ്റർമാരെ മാത്രമേ അനുവദിക്കൂ.വിഷയങ്ങളോ ചോദ്യങ്ങളോ സ്ഥാനാർത്ഥികളുമായി മുൻകൂട്ടി പങ്കിടില്ലെന്നും എബിസി അറിയിച്ചു.ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ അവർക്ക് രണ്ട് മിനിറ്റ് അനുവദിക്കും.എതിർപ്പിന് രണ്ട് മിനിറ്റ് നൽകും. സംവാദത്തിൻ്റെ അവസാനം വ്യക്തത വരുത്താൻ ഒരു മിനിറ്റ് അധികമായി അനുവദിക്കും.കോയിൻ ടോസിൻ്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥാനാർത്ഥിയും രണ്ട് മിനിറ്റ് ക്ലോസിംഗ് സ്റ്റേറ്റ്‌മെൻ്റ് നൽകും.സംവാദത്തിൽ സ്ഥാനാർത്ഥികൾക്ക് സഹായങ്ങൾ ഒന്നും തന്നെ നൽകില്ല. മുൻകൂട്ടി എഴുതിയ കുറിപ്പുകളോ അനുവദിക്കുന്നതല്ല. ട്രംപിനും ഹാരിസിനും ഓരോ പേനയും പേപ്പറും ഒരു കുപ്പി വെള്ളവും മാത്രമാണ് നൽകുക. ജൂണിൽ നടന്ന ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം, പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. അതിന് ശേഷമാണ് ഹാരിസ് ഡെമോക്രാറ്റിക് നോമിനിയായത്.