മാലി: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലേക്ക് എത്തും. മാലദ്വീപിലെ ചില മന്ത്രിമാര്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. അന്ന് നടന്ന സംഭവത്തിന് ശേഷം രണ്ട് ജൂനിയർ മന്ത്രിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ആ മന്ത്രിന്മാർ സർക്കാരിൽ നിന്ന് രാജിവച്ച അതേ ദിവസത്തിലാണ് മാലദ്വീപ് പ്രസിഡൻ്റിന്റെ ഇന്ത്യയിലേക്കുളള സന്ദർശന വിവരം പുറത്ത് വിടുന്നത്.
സന്ദർശന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളിലെയും നേതാക്കൾക്ക് സൗകര്യപ്രദമായ ഒരു തീയതി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരൂമാനമെടുക്കൂ. ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂൺ ഒമ്പതിന് പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഹമ്മദ് മുയിസു ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണത്തിലായിരുന്നു മുഹമ്മദ് മുയിസു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ സമീപകാലത്ത് മാലിദ്വീപ് സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെ തുടർന്ന് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമിക്കുകയും ചെയ്തിരുന്നു.
നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നു മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തെറ്റിച്ചിരുന്നു. യുഎഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്കാണ് മുയിസു പോയത്. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽനിന്നുള്ള സാമ്പത്തികസഹായം മാലദ്വീപിന് അനിവാര്യമാണ്. മുൻപ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്സിം ബാങ്കിൽനിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പ മാലിദ്വീപ് സ്വീകരിച്ചിരുന്നു.