വാഷിങ്ടൺ ഡി സി: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് പിന്തുണയുമായി ഗായിക ടെയിലർ സ്വിഫ്റ്റ്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന സംവാദം അവസാനിച്ചതിന് പിന്നാലെയാണ് കമലയ്ക്ക് പിന്തുണയറിയിച്ച് ടെയിലർ സ്വിഫ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. സംവാദം കണ്ടിരുന്നുവെന്നും ടെയിലർ സ്വിഫ്റ്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 283 മില്യൺ ഫോളോവേഴ്സാണ് ടെയിലർ സ്വിഫ്റ്റിനുള്ളത്.
നേരത്തെ ട്രംപിനാണ് തന്റെ പിന്തുണയെന്ന തരത്തിൽ എഐ നിർമിത പോസ്റ്റ് പ്രചരിച്ചിരുന്നുവെന്നും വ്യാജ വാർത്തകളെ തടയാൻ സുതാര്യതയാണ് വേണ്ടതെന്നും ടെയിലർ സ്വിഫ്റ്റ് കൂട്ടിച്ചേർത്തു.
'2024 യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എന്റെ വോട്ട് കമല ഹാരിസിനും ടിം വാൾസിനും രേഖപ്പെടുത്തും. ഞാൻ കമല ഹാരിസിന് വോട്ട് ചെയ്യും. കാരണം അവർ ഒരു യോദ്ധാവിനെ ആവശ്യമുള്ള അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. കമല ഹാരിസ് കഴിവുള്ള ഒരു നേതാവാണ്. അരാജകത്വത്തിലല്ല, ശാന്തതയാൽ നയിക്കപ്പെടുകയാണെങ്കിൽ ഈ രാജ്യത്ത് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു', ടെയിലർ സ്വിഫ്റ്റ് കുറിച്ചു.
അതേസമയം പരസ്പരം വിമർശിച്ചും ചോദ്യമുനയിൽ നിർത്തിയുമായിരുന്നു സംവാദമുഖത്ത് കൊമ്പുകോർത്ത് കമല ഹാരിസും ഡൊണാൾഡ് ട്രംപുമെത്തിയത്. കുടിയേറ്റം, സാമ്പത്തികം, തൊഴിൽ, റഷ്യ യുക്രൈൻ യുദ്ധം, ഇസ്രായേൽ ഗാസ യുദ്ധം തുടങ്ങിയ വിഷയങ്ങളായിരുന്നു സംവാദത്തിൽ പ്രധാനം. സംവാദം അവസാനിക്കുമ്പോൾ കമല ഹാരിസാണ് സ്കോർ ചെയ്തത്.