ഇസ്‌ലാമാബാദ്: അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അല്‍ഖാഇദയെ പുനഃസംഘടിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം ദ മിററാണ് വാര്‍ത്ത പുറത്തുവിട്ടത്. സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദിനൊപ്പം ചേര്‍ന്നാണ് ഹംസ അല്‍ഖാഇദയെ പുനഃസംഘടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒളിവിലിരുന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താനാണ് ഹംസയുടെയും സംഘത്തിന്റെയും പദ്ധതിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.
'ഹംസ ജീവിച്ചിരിക്കുന്ന വിവരം മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്ക് അറിയാം. അവര്‍ നിരന്തരം ഹംസയെയും കുടുംബത്തെയും സന്ദര്‍ശിക്കുകയും സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്നു,' റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ലെ അമേരിക്കന്‍ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഹംസ കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വരുന്നത്. എന്നിരുന്നാലും എവിടെ വെച്ചാണ് ഹംസ കൊല്ലപ്പെട്ടതെന്നത് വ്യക്തമായിരുന്നില്ല. ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2011ല്‍ പാകിസ്താനില്‍ വെച്ച് അമേരിക്കന്‍ പ്രത്യേക സൈന്യം വധിക്കുകയായിരുന്നു.