വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ 23-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഏതൊരു ദുരന്തവും കാലമെത്ര കഴിഞ്ഞാലും ബാക്കി വെക്കുന്ന ചില ഉണങ്ങാത്ത മുറിവുകളുണ്ടാവും. ദുരന്തത്തിൻ്റെ ഭീകരതയിൽ നിന്ന് വിട്ടുമാറാത്ത നടുകത്തിൽ അന്ന് ഫ്രാങ്ക് കുബേർട്ട്സൺ എഴുതിയ ഒരു കത്ത് കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടിരുന്നു. കുബേർട്ട്സൺ നേരിട്ടായിരുന്നു ആ കാഴ്ച കാണുന്നത്, പക്ഷെ ഒരു വ്യത്യാസം ഉണ്ട്, അമേരിക്കയിൽ വെച്ചായിരുന്നില്ല അദ്ദേഹം ആ കാഴ്ച കണ്ടിരുന്നത്. ബഹിരാകാശത്ത് നിന്നായിരുന്നു.
എക്‌സ്‌പെഡിഷൻ ത്രീയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്ന കുൽബെർട്ട്‌സൺ അന്താരാഷട്ര ബഹിരാകാശ നിലയത്തിൽ നിന്നായിരുന്നു ഈ അപകടം നേരിൽ കണ്ടത്. ഇരട്ട ഗോപുരങ്ങളുടെ തകർച്ചയ്ക്ക് തൊട്ടുപിന്നാലെ ലോവർ മാൻഹട്ടനിൽ നിന്ന് ഉയരുന്ന പുകമറയുടെ ചിത്രങ്ങൾ അന്ന് കുൽബെർട്ട്‌സൺ പകർത്തി. 3000 പേരുടെ മരണത്തിനിടയാക്കിയ എക്കാലത്തെയും വലിയ ഭീകരാക്രമണങ്ങളിലൊന്നിൽ തൻ്റെ രാജ്യത്തെ കണ്ടതിൻ്റെ അനുഭവം അദ്ദേഹത്തിൻ്റെ ആ കത്തിൽ വിവരിക്കുന്നുണ്ട്.
"ഇതുപോലുള്ള ഒരു സമയത്ത് ഈ ഗ്രഹത്തിന് പുറത്തുള്ള ഒരേയൊരു അമേരിക്കക്കാരനാകുന്നത് എങ്ങനെയെന്ന് വിവരിക്കുക ബുദ്ധിമുട്ടാണ്. ഞാൻ നിങ്ങളോടൊപ്പമുണ്ടാകണം, ഇത് കൈകാര്യം ചെയ്യുമ്പോഴും ഏതെങ്കിലും വിധത്തിൽ സഹായിക്കണം എന്ന തോന്നൽ വളരെ വലുതാണ് ,"എന്നാണ് അദ്ദേഹം അന്നെഴുതിയത്. അന്നത്തെ ആ കത്തിൽ തൻ്റെ രാജ്യം കൺമുന്നിൽ കത്തിയമരുന്നത് നോക്കി നിൽക്കേണ്ടി വന്നതിൻ്റെ നിസ്സഹായത നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. അന്ന് പെൻ്റഗണിൽ ഇടിച്ച വിമാനത്തിൻ്റെ പൈലറ്റ് തൻ്റെ സഹപാഠിയായ ക്യാപ്റ്റൻ ചാൾസ് ബർലിംഗേം ആണെന്ന് ചിത്രം പകർത്തുമ്പോൾ കുബേർട്ട്സൺ അറിയുന്നുണ്ടായിരുന്നില്ല. ആക്രമണം നടന്ന് 23 വർഷങ്ങൾക്ക് ശേഷം കുൽബെർട്ട്‌സൻ്റെ ഫോട്ടോയും അദ്ദേഹത്തിൻ്റെ കത്തും അമേരിക്കൻ ചരിത്രത്തിലെ ആ നിർഭാഗ്യകരമായ ദിവസത്തിൻ്റെ അടയാളമായി കാട്ടി നാസ ഓർമ്മപ്പെടുത്തുന്നു.