വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങി ചൈന; ജനുവരി 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും

അടുത്ത 15 വർഷത്തിനുള്ളിൽ പടിപടിയായി വിരമിക്കൽ പ്രായം ഉയർത്താനാണ് നീക്കം

dot image

ബെയ്ജിങ്: 1950ന് ശേഷം ആദ്യമായി വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങി ചൈന. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ വർധിക്കുകയും കുറയുന്ന പെൻഷൻ ബജറ്റുമാണ് ഇതിന് പിന്നിൽ. ബ്ലൂ കോളർ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വിരമിക്കൽ പ്രായം 50ൽ നിന്നും 55 ആക്കി ഉയർത്തിയിട്ടുണ്ട്. വൈറ്റ് കോളർ ജോലികളിൽ ഇത് 58ആക്കിയിട്ടുണ്ട്. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 63 ആയും ഉയർത്തിയിട്ടുണ്ട്. ചൈനയിൽ നിലവിലെ വിരമിക്കൽ പ്രായം ലോകത്തെ മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് താരതമ്യേന കുറവാണ്.

വെള്ളിയാഴ്ച ഇത് സംബന്ധിച്ച പദ്ധതി പാസാക്കിയിട്ടുണ്ട്. 2025 ജനുവരി 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 15 വർഷക്കാലയളവിൽ പടി പടിയായി വിരമിക്കൽ പ്രായം ഉയർത്താനാണ് നീക്കം. നിയമനുസൃതമായ പ്രായത്തിന് മുമ്പ് വിരമിക്കുന്നതിന് വിലക്കുണ്ട്. വിരമിക്കൽ മൂന്ന് വർഷത്തിൽ കൂടുതൽ വൈകിപ്പിക്കാനും പാടില്ല. 2030 മുതൽ പെൻഷൻ ലഭിക്കണമെങ്കിൽ ജനങ്ങൾ സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്ക് കൂടുതൽ സംഭാവനകൾ ചെയ്യേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്.

2019ൽ ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസ് പുറത്തുവിട്ട റിപ്പോർട്ടിൽ 2035ഓടെ ചൈനയുടെ പെൻഷൻ ഫണ്ട് വിതരണത്തിന് പ്രയാസമുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് പരാമർശം. കൊവിഡ് വ്യാപനം ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ശരാശരി ആയുർദൈർഘ്യം, ആരോ​ഗ്യസ്ഥിതി, ജനസംഖ്യാ ഘടന, വിദ്യാഭ്യാസനിലവാരം, രാജ്യത്തെ തൊഴിൽ വിതരണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

അതേസമയം പുതുക്കിയ നയത്തിനെതിരെ ചൈനയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ വിരമിക്കൽ പ്രായം 80 വരെ ഉയർത്തിയ ബില്ല് അധികാരികൾ കൊണ്ടുവരും എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. വിരമിക്കൽ പ്രായം ഉയർത്തുന്നതോടെ തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കാൻ വീണ്ടും പ്രയാസമായേക്കുമെന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഈ പരിഷ്ക്കരണം പ്രതീക്ഷിച്ചിരുന്നുവെന്ന അഭിപ്രായക്കാരുമുണ്ട്.

ജനസംഖ്യാ നിരക്കിൽ ലോകരാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ചൈന. ശരാശരി ആയുർദൈർഘ്യത്തിൽ ചൈനയിൽ വർധനവുണ്ടായിട്ടുണ്ട്. 78.2 വർഷം വരെയാണ് ചൈനയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം. ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചൈനയുടെ ജനസംഖ്യയിൽ മൂന്നിലൊന്നും 2040 ഓടെ 60 വയസിന് മുകളിൽ പ്രായമുള്ളവരാകുമെന്നാണ് കണക്ക്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us