സിംഗപ്പൂർ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാത്തോലിക്ക വിഭാഗം വോട്ടർമാർ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാർഥികൾ. ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക എന്നാണ് മാർപാപ്പ പറഞ്ഞത്.
ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താൻ നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഏഷ്യയിലുടനീളമുള്ള യാത്ര കഴിഞ്ഞ് സിംഗപ്പൂരിൽ നിന്ന് ജക്കാർത്തയിലേക്കുള്ള വിമാനയാത്രയിക്കിടെയാണ് മാർപാപ്പ മാധ്യമങ്ങളോട് സംസാരിച്ചത്. കുടിയേറ്റക്കാരെ നാടുകടത്താൻ ശ്രമിക്കുക, അവരെ വളരാൻ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം മഹാപാപമാണ്. ബൈബിളിലെ കാലഘട്ടം മുതൽ കുടിയേറ്റം ഒരു മൗലികാവകാശമാണ്. അനാഥനെയും വിധവയെയും അപരിചിതനെയും പരിപാലിക്കാൻ ജനത ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
അതുപോലെ തന്നെ ഒരു കുഞ്ഞിനെ അമ്മയുടെ ഉദരത്തിൽ വെച്ച് ഇല്ലാതാക്കുന്നത് കൊലപാതകമാണ്. ഇരുവരും ജീവിതത്തിന് എതിരാണ്. ഇതിൽ ആരാണ് ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക. കമലയാണോ ട്രംപാണോ തിന്മ കുറച്ച് ചെയ്തത് എന്നറിയില്ലയെന്ന് മാർപാപ്പ പറഞ്ഞു. എല്ലാവരും ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യുഎസിൽ ഇപ്പോൾ താമസിക്കുന്ന കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഗർഭഛിദ്ര അവകാശങ്ങൾക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസ് പാസാക്കുന്ന ഏത് നിയമനിർമ്മാണത്തിലും ഒപ്പിടാൻ തയാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. 2022-ൽ സുപ്രീം കോടതി അസാധുവാക്കിയ നിയമമായിരുന്നു ഇത്. ഇരുവരുടെയും ഈ നയത്തിന് മറുപടിയെന്ന നിലയിലാണ് മാർപാപ്പയുടെ പ്രതികരണം. ഇരു സ്ഥാനാർത്ഥികളുടെയും പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.