നൈജീരിയയിലെ ഗുമ്മി പട്ടണത്തിലെ സാംഫറ നദിയിലുണ്ടായ ബോട്ടപകടത്തിൽ 64 പേർ മരിച്ചതായി സംശയം. നദി മുറിച്ചുകടന്ന് കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്ന കർഷകരാണ് അപകടത്തിൽപെട്ടത്.
70 കർഷകരാണ് ബോട്ടിലുണ്ടായിരുന്നത്. നദിക്ക് അപ്പുറത്തുള്ള തങ്ങളുടെ കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്നു എല്ലാവരും. നദിക്ക് മധ്യഭാഗത്തെത്തിയപ്പോൾ മരം കൊണ്ട് നിർമിച്ചിരുന്ന ബോട്ട് തകരുകയും, ബോട്ടിലുണ്ടായിരുന്ന 70 കർഷകരും നദിയിലേക്ക് വീഴുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ് കർഷകരെ മാത്രമാണ് രക്ഷാദൗത്യ സംഘത്തിന് കണ്ടെത്താനായത്. ബാക്കിയുള്ളവർ ജീവനോടെയുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
ഒരു ദിവസം ഏകദേശം 900ഓളം കർഷകരാണ് സാംഫറ നദി മുറിച്ചുകടന്ന് കൃഷിസ്ഥലത്തേക്ക് പോകുന്നത്. എന്നാൽ ആകെ രണ്ട് ബോട്ടുകൾ മാത്രമാണ് ഇവരെയെല്ലാം കൊണ്ടുപോകാനായി നിലവിലുള്ളത്. അതുകൊണ്ടുതന്നെ പരിധിയിലും കൂടുതൽ ആളുകൾ ബോട്ടിൽ കയറുക സാധാരണമാണ്. ഇങ്ങനെയാകാം അപകടം നടന്നതെന്നാണ് പ്രദേശവാസികളുടെയും അധികൃതരുടെയും നിഗമനം. ഒരുപാട് ആളുകളെ കണ്ടെത്താനുള്ളതിനാൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.