വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ ഇലോണ്‍ മസ്‌കിന്റെ പ്രതികരണം വിവാദത്തില്‍. ചിലര്‍ ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന എക്‌സിലെ ഒരു ഉപയോക്താവ് മസ്‌കിനോട് ചോദിച്ചു. ഇതിന് മസ്‌ക് നല്‍കിയ മറുപടിയാണ് വിവാദമായത്. ബൈഡനേയും കമലയേയും കൊലപ്പെടുത്താന്‍ ആരും ശ്രമിക്കുന്നില്ല എന്നായിരുന്നു മസ്‌കിന്റെ മറുപടി. പ്രതികരണം വിവാദമായതോടെ മസ്‌ക് കമന്റ് പിന്‍വലിച്ചു. ട്രംപുമായി മസ്‌കിന് അടുത്ത ബന്ധമാണുള്ളത്. നേരത്തേ താന്‍ പ്രസിഡന്റായാല്‍ മസ്‌കിനെ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെയാണ് ഡോണാള്‍ഡ് ട്രംപിനെതിരെ വധശ്രമം നടന്നത്. വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബില്‍വെച്ചാണ് സംഭവം. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ വെടിയുതിര്‍ത്തുകയായിരുന്നു. ട്രംപിനെതിരെ നടന്നത് വധശ്രമമാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്തിനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ട്രംപിനെതിരായ വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെസ് പ്രസിഡന്റ് കമലാ ഹാരിസും പ്രതികരിച്ചിരുന്നു.
ജൂലൈയില്‍ നടന്ന വധ ശ്രമത്തിന് ശേഷം ട്രംപിന്റെ സുരക്ഷ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. പെന്‍സില്‍വാനിയയിലെ ബട്ലറില്‍ പ്രചാരണറാലിക്കിടെയാണ് നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ വലതുചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് നടന്നത്.