ടെഹ്റാൻ: 2022ൽ സദാചാര പൊലീസിന്റെ ആക്രണത്തിൽ മഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ തെരുവുകളിൽ ഉയർന്നുകേട്ട മുദ്രാവാക്യമാണ് വുമൻ, ലൈഫ്, ഫ്രീഡം. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 2022ലാണ് മഹ്സ അമിനി പൊലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെടുന്നത്. തലയ്ക്കേറ്റ അടിയാണ് അമിനിയുടെ മരണത്തിൽ കലാശിച്ചത്.
അമിനിയുടെ മരണം ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമനയിക്കും അദ്ദേഹത്തിന്റെ നയങ്ങൾക്കുമെതിരായ ശക്തമായ പ്രതിഷേധങ്ങൾക്കാണ് അന്ന് വഴിതുറന്നത്. അമിനി കൊല്ലപ്പെട്ട് രണ്ട് വർഷം തികയുമ്പോഴും ഇറാന്റെ തെരുവുകളിൽ പ്രതിഷേധ സൂചകമായി ഹിജാബ് ധരിക്കാതെ നടക്കുന്ന സ്ത്രീകളെയും സ്ത്രീ, ജീവിതം, സ്വാതന്ത്ര്യമെന്ന മുദ്രാവാക്യവും കേൾക്കാം. മകളുടെ ഓർമദിവസത്തിൽ ചടങ്ങുകൾ സംഘടിപ്പിക്കാൻ അമിനിയുടെ കുടുംബത്തിന് ഇപ്പോഴും വിലക്കുണ്ട്. അമിനിയുടെ മൃതദേഹം സംസ്കരിച്ചിരിക്കുന്ന ഖബറിസ്ഥാനിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ടെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ ശിരോവസ്ത്രം ധരിക്കാതെ നടക്കുന്ന സ്ത്രീകളാണ് ഇന്ന് അധികവുമെന്നാണ് റിപ്പോർട്ട്. 1979ന് ശേഷമുള്ള കാലത്ത് ഹിജാബ് ധരിക്കാതെ സ്ത്രീകൾ തെരുവിലിറങ്ങുന്നത് ചിന്തിക്കാൻ പോലും സാധാരണക്കാരായ ജനങ്ങൾക്ക് സാധിക്കുമായിരുന്നില്ല. ഇറാൻ വയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജയിലിൽ കഴിയുന്ന സ്ത്രീകൾ അമിനിയുടെ രണ്ടാം ചരമവാർഷികത്തിൽ നിരാഹാര സമരം നടത്തിയിരുന്നു. അഴികൾക്കപ്പുറം അധികാരികളുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നിരാഹാര സമരം.
തെരുവുകളിൽ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ കണ്ടെത്താൻ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും, ഡ്രോൺ സംവിധാനങ്ങളൊരുക്കിയും ഇറാൻ തങ്ങളുടെ ശക്തി തെളിയിക്കുകയാണ്. ഹിജാബ് ധരിക്കാത്ത സ്ത്രീകളിൽ നിന്നും വൻ തുകയാണ് അധികാരികൾ ഈടാക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
മുടി മറയ്ക്കാതെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ഇറാനിൽ അലിഫ് എന്ന യുവതിയെ അധികാരികൾ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചയോളം തടവിലാക്കപ്പെട്ട അലിഫിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു. അധികാരികൾ തന്നോട് കോട്ട് മാറ്റാൻ പറഞ്ഞ ശേഷം വടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അലിഫ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ശിരോവസ്ത്രമിടാതിരുന്നതിന് പിന്നാലെ തന്റെ വണ്ടി പിടിച്ചെടുക്കാനെത്തിയ പൊലീസിൽ നിന്നും ഓടി രക്ഷപ്പെട്ട 31 കാരിയായ അരസൗ ബദ്രിയെ പൊലീസ് വെടിവെച്ചിരുന്നു. കൈകാലുകൾ തളർന്ന് ബദ്രി ഇപ്പോഴും ജീവിക്കുകയാണ്.
മഹ്‌സ അമിനിയുടെ മരണത്തിന് ഒരു മാസത്തിനുശേഷം, കോസർ എഫ്തേഖാരിയെന്ന യുവതിയെയും പൊലീസ് വെടിവെച്ചിരുന്നു. സ്വകാര്യഭാഗങ്ങളിലും കണ്ണിലും കോസറിന് പരിക്കേറ്റു. സമൂഹമാധ്യമങ്ങളിൽ കോസറിന് അധികാരികൾ വിലക്കേർപ്പെടുത്തി. പിന്നാലെ കോസർ ജർമനിയിലേക്ക് പോകുകയായിരുന്നു.
സദാചാര പൊലീസിന്റെ പീഡനം അവസാനിപ്പിക്കുമെന്ന് ഇറാൻ്റെ പുതിയ പരിഷ്‌കരണവാദിയായ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ വാഗ്ദാനം ചെയ്തെങ്കിലും, ഇറാനിലെ ആത്യന്തിക അധികാരം ഇപ്പോഴും 85 കാരനായ ആയത്തൊള്ള ഖമനയിയുടെ കൈവശം തന്നെയാണ്. തീവ്ര മതനിലപാടുകളെ പിന്തുണക്കുന്നയാളാണ് ഖമനയി. അമിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 22000 പേർ അറസ്റ്റിലാക്കപ്പെട്ടു. ഇതിൽ പലരെയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.