ഫ്ലോറിഡ: ഫ്ലോറിഡയില്‍ വധഭീഷണി മുഴക്കിയ സംഭവത്തിൽ 11കാരൻ പിടിയിൽ. കാർലോ കിങ്സ്റ്റൺ ഡൊറെല്ലി എന്ന വിദ്യാർത്ഥിയാണ് പിടിയിലായത്. വധഭീഷണി മുഴക്കുകയും വധിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കൊലപാതകത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിയിൽ നിന്നും വലിയ ആയുധശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വിവിധ എയർസോഫ്റ്റ് റൈഫിൾ, പിസ്റ്റൾ, കത്തികൾ, വാളുകൾ എന്നിവയാണ് കുട്ടിയിൽ നിന്നും കണ്ടെത്തിയതെന്ന് വലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ് വുഡ് എക്സിൽ കുറിച്ചു. രണ്ട് വ്യത്യസ്ത സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വിദ്യാർത്ഥിയുടെ ലിസ്റ്റ്. ചോദ്യം ചെയ്യലിൽ ഇതെല്ലാം തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു ഡൊറെല്ലിയുടെ വാദം.
വധിക്കാനുള്ളവരുടെ പേരുകൾ ഉൾപ്പെടെ എഴുതിവെച്ചതിന്റെ പശ്ചാത്തലത്തിൽ ഡൊറെല്ലിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ വിലങ്ങ് വെച്ച് ജയിലിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ വലൂസിയ ഷെരീഫിന്റെ ഓഫീസ് പങ്കുവെച്ചു. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഇത്തരം വധഭീഷണി മുഴക്കുകയോ മറ്റ് വിദ്യാർത്ഥികളെ ആക്രമക്കുകയോ ചെയ്യുന്ന പ്രായപൂർത്തിയാകാത്ത പ്രതികളുടെ പേരുകൾ വെളിപ്പെടുത്തുമെന്നും ചിറ്റ് വുഡ് കൂട്ടിച്ചേർത്തു.
NEW: Florida boy arrested, 'perp-walked' and thrown in jail after bragging about a "k*ll list" and showing off an arsenal of weapons.
— Collin Rugg (@CollinRugg) September 16, 2024
Florida doesn't mess around.
"Every time we make an arrest, your kid’s photo is going to be put out there… We’re gonna come and get you. We’re… pic.twitter.com/jp13qumtFJ
അതേസമയം കുട്ടി സുഹൃത്തുക്കൾക്ക് വധിക്കാനുള്ളവരുടെ ലിസ്റ്റും ആയുധ ശേഖരവും കാണിച്ചുകൊടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. ആയുധങ്ങൾ വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞതായി ഡെയ്ലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ കുറ്റകൃത്യത്തിലേർപ്പെടുന്ന കുട്ടികളുടെ പേരും മുഖവും വെളിപ്പെടുത്തുമെന്നും പൊതുജനങ്ങൾക്ക് മുൻപിലൂടെ മറയില്ലാതെ കൊണ്ടുപോകുമെന്നും ചിറ്റ് വുഡ് പറഞ്ഞിരുന്നു. 'ഓരോ തവണ അറസ്റ്റ് രേഖപ്പെടുത്തുമ്പോഴും നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടും. ഞങ്ങൾ നിങ്ങളെയും (മാതാപിതാക്കളെ) കാണും. നിങ്ങളെ പൊതു മധ്യത്തിന് മുൻപിലെത്തിക്കു'മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നതിനായായിരുന്നു ചിറ്റ് വുഡിന്റെ പരാമർശം.
നേരത്തെ ജോർജിയയിൽ 14കാരൻ നടത്തിയ വെടിവെയ്പ്പിൽ രണ്ട് കുട്ടികളും അധ്യാപകരം കൊല്ലപ്പെട്ടിരുന്നു. ഭീഷണി മുഴക്കിയതിന് 14കാരനെ പൊലീസ് മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഭവം.