ബെയ്റൂട്ട്: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ച സംഭവത്തിന് പിന്നിൽ ഇസ്രയേലെന്ന് ലെബനൻ സർക്കാരും ഹിസ്ബുള്ളയും. ഇസ്രയേലിനുള്ള തിരിച്ചടി ഉടനെന്നും ഹിസ്ബുള്ള പറഞ്ഞു. പൊട്ടിത്തെറിച്ച പുതിയ പേജറുകൾ തായ്‍വാനിൽ നിന്നാണ് കൊണ്ടുവന്നത്. ഇസ്രയേൽ പേജറുകളിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചുവെച്ചതായാണ് റിപ്പോർട്ട്. വിഷയത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലെബനൻ പ്രധാനമന്ത്രി നജീബ് മികാതിയും ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ തീവ്രവാദത്തെ അപലപിക്കുന്നുവെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടന പരമ്പരയിൽ 2750 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ 200 ഓളം പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ലെബനാനിലെ ഇറാൻ അംബാസഡറും ഉൾപ്പെടുന്നുണ്ട്. ഇറാൻ അംബാസഡറായ മൊജ്‌താബ അമാനിക്കാണ് പരിക്കേറ്റത്. ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ വിവിധയിടങ്ങളിൽ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്നും ഹിസ്ബുള്ള പ്രതികരിച്ചു.
ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഭിന്നത ഏറെക്കാലമായി രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 1000ത്തിലേറെ പേജർ മെഷീനുകൾ ഒരേസമയം ലെബനാനിൻ്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. പ്രദേശിക സമയം വൈകുന്നേരം 3:30 ഓടെയായിരുന്നു സ്ഫോടനങ്ങൾ. സിസിടിവി ദൃശ്യങ്ങളിൽ പോക്കറ്റിലുണ്ടായിരുന്ന പേജർ പൊട്ടിത്തെറിക്കുന്നതും യുവാവ് പിറകിലേക്ക് തെറിച്ചുവീഴുന്നതും കാണാം. തലസ്ഥാനമായ ബെയ്റൂട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സ്ഫോടനമുണ്ടായത്.
നാടുകടത്തപ്പെട്ട നിവാസികൾക്ക് സുരക്ഷിതമായി മടങ്ങിവരാൻ അനുവദിക്കുന്നതിനായി രാജ്യത്ത് നടക്കുന്ന ഹിസ്ബുള്ള ആക്രമണങ്ങൾക്ക് നിയന്ത്രിക്കണമേർപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ സുരക്ഷ കാബിനറ്റ് യോഗം ചേർന്നിരുന്നു. പിന്നാലം മണിക്കൂറുകൾക്ക് ശേഷമായിരുന്നു സ്ഫോടനം.
ഒക്ടോബർ ഏഴിന് ഗാസയിൽ ഹമാസും ഇസ്രായേലും തമ്മിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ-ലെബനൻ അതിർത്തിയൽ വെടിവെയ്പ് നടക്കാറുണ്ട്.