ലെബനൻ സ്ഫോടനം: പിന്നിൽ ഇസ്രയേൽ ചാരസംഘടന മൊസാദ്? നിർമാണഘട്ടത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്ന് ഹിസ്ബുള്ള

ഓരോ പേജറുകളിലും മൂന്ന് ഗ്രാം വീതം സ്ഫോടകവസ്തുക്കളാണ് സ്ഥാപിച്ചിരുന്നതെന്നാണ് റിപ്പോർട്ട്

dot image

ബെയ്റൂട്ട്: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദാണെന്ന് ആരോപണം. മാസങ്ങൾക്ക് മുമ്പ് ഹിസ്ബുള്ള വാങ്ങിയ പേജറുകളിൽ മൊസാദ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹിസ്ബുള്ള മുതിർന്ന നേതാവുൾപ്പെടെയുള്ളവരുടെ പരാമർശം.

തായ്‌വാനിലെ തായ്പേ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ​ഗോൾഡ് അപ്പോളോ സ്ഥാപനത്തിൽ നിന്നുമാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയത്. എന്നാൽ പേജറുകൾ നിർമിച്ചത് തങ്ങളുടെ സ്ഥാപനമല്ലെന്നാണ് ഗോൾഡ് അപ്പോളോയുടെ പ്രതികരണം. സ്ഫോടനത്തിൽ തകർന്ന പേജറുകൾ നിർമിച്ചത് യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നും തങ്ങളുടെ ബ്രാൻഡിന്റെ പേര് മാത്രമാണ് പേജറിലുണ്ടായതെന്നും​ ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിംഗ്-കുവാങ് പറഞ്ഞു.

മൊബൈൽ ഫോൺ വഴി നടത്തുന്ന ആശയവിനിമയങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലാണ് ഹിസ്ബുള്ള പേജറുകൾ ഉപയോ​ഗിച്ചു തുടങ്ങിയത്. മൊസാദ് പേജറുകളുടെ നിർമാണഘട്ടത്തിൽതന്നെ മോഡിക്കേഷൻ നടത്തിയിരിക്കാമെന്നാണ് ലെബനീസ് വൃത്തങ്ങൾ പറയുന്നത്. സ്ഫോടകവസ്തു അടങ്ങിയ ബോർഡ് പേജറുകൾക്കുള്ളിൽ സ്ഥാപിച്ചു. ഹിസ്ബുള്ള നേതൃത്വത്തിന്റെ സന്ദേശം പേജറുകളിലെത്തിയതോടെ നിർദേശങ്ങൾ കൈമാറുന്നതിന് പകരം സ്ഫോടകവസ്തു അടങ്ങിയ ബോർഡ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഹിസ്ബുള്ള പറയുന്നത്. പേജറിനുള്ളിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കൾ മാസങ്ങളോളം ഉപയോ​ഗിച്ചിട്ടും കണ്ടെത്താനായിരുന്നില്ല. പരമ്പരാ​ഗത സ്കാനിങ് രീതികൾ ഉപയോ​ഗിച്ച് ഇത്തരം സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പ്രയാസമാണെന്ന് മുതിർന്ന ലെബനൻ സുരക്ഷ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഓരോ പേജറുകളിലും മൂന്ന് ഗ്രാം വീതം സ്ഫോടകവസ്തുക്കളാണ് സ്ഥാപിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞിരുന്നു. ഇസ്രയേലിന്റേത് ഒന്നോ രണ്ടോ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നില്ല മറിച്ച് രാജ്യത്തെ ഉന്നം വെച്ചായിരുന്നുവെന്നും ഹിസ്ഹുള്ള പറഞ്ഞു.

ഹിസ്ബുള്ള ഇസ്രയേൽ പോര് ശക്തമാകുന്നതിനിടെ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് രം​ഗത്തെത്തിയിരുന്നു. വിഷയത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് യുഎസിന്റെ പരാമർശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us