'അവർ നല്ല രീതിയിലാണ് സംസാരിച്ചത്' രണ്ടാം വധശ്രമത്തിന് ശേഷം ബൈഡനും കമലയും പറഞ്ഞത് വെളിപ്പെടുത്തി ട്രംപ്

എതിരാളികളാണെങ്കിലും പരസ്പരം ബഹുമാനം ഉണ്ടാകണമെന്നും ഡൊണാൾഡ് ട്രംപ്

dot image

വാഷിംഗ്ടൺ: തനിക്കെതിരെയുണ്ടായ രണ്ടാമത്തെ വധശ്രമത്തിന് ശേഷം പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ഫോണിൽ സംസാരിച്ചിരുന്നതായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി മിഷിഗണിലെ ഒരു ടൗൺ ഹാളിൽ സംസാരിക്കവേയായിരുന്നു ട്രംപിന്റെ പ്രതികരണം. ജോ ബൈഡൻ തന്നോട് നല്ല രീതിയിലാണ് സംസാരിച്ചത്. പക്ഷേ ഇപ്പോൾ അങ്ങനെയൊരു കോൾ ബൈഡൻ ചെയ്യാതിരുന്നുവെങ്കിൽ എന്നാണ് തോന്നുന്നതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കമലാ ഹാരിസും വളരെ നല്ല രീതിയിലാണ് എന്നോട് സംസാരിച്ചത്. ഒരിക്കലും ഹാരിസ് നല്ല രീതിയിൽ പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. എതിരാളികളാണെങ്കിലും പരസ്പരം ബഹുമാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്രംപിനെതിരെ വീണ്ടും വധശ്രമം നടന്നത്. വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബില്‍വെച്ചായിരുന്നു സംഭവം. ഗോള്‍ഫ് കളിക്കുന്നതിനിടെ തോക്കുമായി മറഞ്ഞിരുന്ന പ്രതി ഒന്നിലേറെ തവണ ട്രംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്തിനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

എന്നാൽ അതേസമയം, തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ ജോ ബൈഡനെയും കമലാ ഹാരിസിനെയും ഡൊണാൾഡ് ട്രംപ് കടന്നാക്രമിച്ചിരുന്നു. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും കേള്‍ക്കുന്നവനാണ്. അതനുസരിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത്.

താന്‍ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ രാജ്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് ബൈഡനേയും കമലയേയും ഉന്നംവെച്ച് പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജൂലൈയില്‍ നടന്ന വധ ശ്രമത്തിന് ശേഷം ട്രംപിന്റെ സുരക്ഷ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചാരണ റാലിക്കിടെയാണ് നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. പ്രസംഗിക്കത്തിനിടെ വലതുചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് ട്രംപിന് നേരെ വീണ്ടും വെടിവെപ്പുണ്ടായത്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us