ബെയ്റൂട്ട്: ലെബനനിലെ സ്ഫോടന പരമ്പരയിൽ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക.ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹിസ്ബുള്ള- ഇസ്രയേൽ പോരിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തങ്ങൾക്ക് പങ്കില്ലെന്നുമായിരുന്നു യുഎസിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെ പിന്തുണച്ചുള്ള രംഗപ്രവേശം.
അതേസമയം ലെബനനിൽ വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണം 30 കടന്നു. 450 പേർക്ക് പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ലെബനനിൽ ലാൻഡ്‌ലൈൻ ഫോണുകൾ പൊട്ടിത്തെറിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സ്ഫോടനത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിർമാണഘട്ടത്തിൽ മൊസാദ് പേജറുകൾക്കുള്ളിൽ മൂന്ന് ഗ്രാമോളം വരുന്ന സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റേത് ഒന്നോ രണ്ടോ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നില്ല മറിച്ച് രാജ്യത്തെ ഉന്നം വെച്ചായിരുന്നുവെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞിരുന്നു.