ബെയ്റൂട്ട്: ലെബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. പരിധി ലംഘിച്ചെന്ന ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്നും ഹിസ്ബുള്ള മേധാവി പറഞ്ഞു. അതേസമയം ലെബനൻ അതിർത്തിയിൽ നടന്ന ഹിസ്ബുള്ളയുടെ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ നടത്തിയ അക്രമണം എല്ലാ പരിമിതികളും ലംഘിച്ചുള്ളതാണെന്നും സുരക്ഷയ്ക്കും മാനവികതയ്ക്കുമേറ്റ വലിയ തിരിച്ചടിയാണെന്നും ഹസ്സൻ നസറള്ള പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ഇസ്രയേൽ ആക്രമണത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണം 30 കടന്നു. 450 പേർക്ക് പരിക്കേറ്റതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സ്ഫോടനത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിർമാണഘട്ടത്തിൽ മൊസാദ് പേജറുകൾക്കുള്ളിൽ മൂന്ന് ഗ്രാമോളം വരുന്ന സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്.
മൊബൈൽ ഫോൺ വഴി നടത്തുന്ന ആശയവിനിമയങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഹിസ്ബുള്ള പേജറുകൾ ഉപയോഗിച്ചു തുടങ്ങിയത്. തായ്‌വാനിലെ തായ്പേ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ് അപ്പോളോ സ്ഥാപനത്തിൽ നിന്നുമാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയത്. എന്നാൽ പേജറുകൾ നിർമിച്ചത് തങ്ങളുടെ സ്ഥാപനമല്ലെന്നാണ് ഗോൾഡ് അപ്പോളോയുടെ പ്രതികരണം. സ്ഫോടനത്തിൽ തകർന്ന പേജറുകൾ നിർമിച്ചത് യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നും തങ്ങളുടെ ബ്രാൻഡിന്റെ പേര് മാത്രമാണ് പേജറിലുണ്ടായതെന്നും ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിംഗ്-കുവാങ് പറഞ്ഞിരുന്നു.
അതേസമയം ലെബനനിലെ സ്ഫോടന പരമ്പരയിൽ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിസ്ബുള്ള- ഇസ്രയേൽ പോരിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക പറഞ്ഞിരുന്നു. വിഷയത്തിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും തങ്ങൾക്ക് പങ്കില്ലെന്നുമായിരുന്നു പരാമർശം.