പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ് ലെബനനിലെ ആശുപത്രികള്‍; തീവ്രത വിവരിച്ച് ഡോക്ടർമാർ

ലെബനനിലെ സ്‌ഫോടന പരമ്പരകളില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍, ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിയെടുത്താലും മതിയാകില്ലെന്ന അവസ്ഥ

dot image

ബെയ്‌റൂട്ട്: ലെബനനിലെ സ്‌ഫോടന പരമ്പരകളില്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികള്‍. ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിയെടുത്താലും മതിയാകില്ലെന്ന അവസ്ഥ. പല ഡോക്ടര്‍മാരും യാന്ത്രികമായാണ് പണിയെടുക്കുന്നത്. പരിക്കേറ്റവരില്‍ അധികവും യുവാക്കളാണ്. ഇവരില്‍ ഭൂരിഭാഗം പേരുടേയും രണ്ട് കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടതായി നേത്രരോഗ വിദഗ്ധനായ ഡോ. ഏലിയാസ് ജരദെ പറയുന്നു. സാഹചര്യം അത്രമേല്‍ വേദനാജനകമാണ്. കണ്‍മുന്നില്‍ ഒരു രാജ്യം മുഴുവന്‍ പരിക്കേറ്റ കാഴ്ചയാണുള്ളതെന്നും ഡോക്ടര്‍ ഏലിയാസ് പറയുന്നു.

ലെബനനില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ 3600 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേര്‍ക്കും കണ്ണിനാണ് പരിക്കേറ്റത്. അതുകൊണ്ടുതന്നെ ഇവരെ പ്രവേശിപ്പിക്കുന്നത് ആശുപത്രികളിലെ നേത്രരോഗ വിഭാഗത്തിലേക്കാണ്. അപകടത്തില്‍ പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ടവരുടെ കണ്ണുകള്‍ നീക്കം ചെയ്യേണ്ടിവന്നുവെന്ന് നേത്രരോഗ വിദഗ്ധനായ ഡോ. ഏലിയാസ് വാരക് പറയുന്നു. ഒറ്റ രാത്രിമാത്രം നിരവധി പേരുടെ കണ്ണുകള്‍ക്ക് ചികിത്സ നല്‍കേണ്ടി വന്നു. തന്റെ കരിയറില്‍ ഇതിന് മുന്‍പ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഏലിയാസ് വാരക് പറയുന്നു. പരിചരിച്ചവരില്‍ അധികവും ഇരുപത് വയസ് പ്രായമുള്ളവരാണ്. പലരുടേയും രണ്ട് കണ്ണുകളും നീക്കം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും ഡോക്ടര്‍ ഏലിയാസ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയായ സാലി അബൗ അല്‍ ജൗദും സ്‌ഫോടനത്തിന്റെ തീവ്രത വിവരിക്കുന്നുണ്ട്. ആശുപത്രികളില്‍ രക്തത്തില്‍ കുളിച്ച് നിരവധി പേരെയാണ് കണ്ടതെന്ന് സാലി പറയുന്നു. ഒന്നിന് പുറകേ ഒന്നായാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അധികം പേര്‍ക്കും മുഖത്തും കൈക്കുമാണ് പരിക്കേറ്റത്. പലരുടേയും കൈകളും കണ്ണുകളും പൂര്‍ണമായും നീക്കം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും സാലി പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ സാധാരണക്കാരാണ് ഇരകളായതെന്ന് ലെബനന്‍ ആരോഗ്യമന്ത്രി ഫിരാസ് ആബിദ് പറഞ്ഞു. ആക്രമണം നടന്നത് മാര്‍ക്കറ്റുകളിലാണ്. കൂടുതല്‍ ആളുകള്‍ക്കും കണ്ണിനും കൈക്കുമാണ് പരിക്കേറ്റതെന്നാണ് സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us