ബെയ്റൂട്ട്: ലെബനനിലെ സ്ഫോടന പരമ്പരയിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കുമെന്ന് റിപ്പോർട്ട്. നോർവേ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോണിന്റെ കമ്പനിയായ നോർട്ട ഗ്ലോബലിനെതിരെയാണ് അന്വേഷണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ട്.
ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത റിൻസൺന്റെ കമ്പനി തലസ്ഥാനമായ സോഫിയയിലാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനിയാണ് പേജർ നിർമ്മാണത്തിനുളള പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തിൽ റിൻസൺ പ്രതികരിച്ചിട്ടില്ല.
അതേസമയം വാർത്ത നിരാകരിച്ച് ബൾഗേറിയൻ സ്റ്റേറ്റ് നാഷണൽ സെക്യൂരിറ്റി ഏജൻസി രംഗത്തെത്തിയിട്ടുണ്ട്. നോർട്ട ഗ്ലോബലിന് പേജറുമായി ബന്ധമില്ലെന്നും ബൾഗേറിയൻ സർക്കാർ അറിയിച്ചു.
പേജറുകളിലെ സ്ഫോടകവസ്തുക്കൾ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു.
നേരത്തെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന വാദം ഉയർന്നിരുന്നു. നിർമാണഘട്ടത്തിൽ മൊസാദ് പേജറുകൾക്കുള്ളിൽ മൂന്ന് ഗ്രാമോളം വരുന്ന സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്.
മൊബൈൽ ഫോൺ വഴി നടത്തുന്ന ആശയവിനിമയങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഹിസ്ബുള്ള പേജറുകൾ ഉപയോഗിച്ചു തുടങ്ങിയത്. തായ്‌വാനിലെ തായ്പേ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ് അപ്പോളോ സ്ഥാപനത്തിൽ നിന്നുമാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയത്. എന്നാൽ പേജറുകൾ നിർമിച്ചത് തങ്ങളുടെ സ്ഥാപനമല്ലെന്നാണ് ഗോൾഡ് അപ്പോളോയുടെ പ്രതികരണം.
സ്ഫോടനത്തിൽ തകർന്ന പേജറുകൾ നിർമിച്ചത് യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നും തങ്ങളുടെ ബ്രാൻഡിന്റെ പേര് മാത്രമാണ് പേജറിലുണ്ടായതെന്നുമാണ് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിംഗ്-കുവാങ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമായിരുന്നു വിഷയത്തിൽ ഹംഗേറിയൻ കമ്പനിയുടെ വിശദീകരണം. അങ്ങനെയാണ് അന്വേഷണം നോർവേയിലേക്കും പിന്നീട് ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്.
അതേസമയം പേജറുകൾ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണം 30 കടന്നു. 450 പേർക്ക് പരിക്കേറ്റിട്ടുണ്ട്.