കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നാളെ. 2022 ലെ ജനകീയപ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതുതിഞ്ഞെടുപ്പാണിത്. ഇടക്കാല പ്രസിഡൻറ് റനിൽ വിക്രമസിംഗെയടക്കം 39 പേരാണ് മത്സരംഗത്തുള്ളത്. റനിൽ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും തമ്മിലാണ് പ്രധാന മത്സരം.
യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും ഇടക്കാല പ്രസിഡന്റുമായ റനിൽ വിക്രമസിംഗെയ്‌ക്കാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്. ജനരോഷത്തിൽ രാജ്യംവിട്ട മുൻ പ്രസിഡന്റ് ഗോതബായയിൽ നിന്ന് ഭരണം ഏറ്റെടുത്ത വിക്രമസിംഗെയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസമുണ്ടാക്കിയത്. യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവാണെങ്കിലും സ്വതന്ത്രനായാണ് വിക്രമസിംഗെ ഇക്കുറി മത്സരിക്കുന്നത്. 2022 ലെ പ്രതിഷേധങ്ങൾക്ക് തടയിടാൻ സാധിച്ചത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തേക്കാമെന്നാണ് വിക്രമസിംഗെയുടെ പ്രതീക്ഷ.
പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗ (എസ്ജെബി) സ്ഥാനാത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസ ആണ് എതിർ സ്ഥാനാർത്ഥി. തമിഴ് വംശജരുടെയടക്കം ശക്തമായ ജനപിന്തുണയുള്ള നേതാവാണ് സജിത് പ്രേമദാസ. ജീവിത ചെലവ് നിയന്ത്രിക്കാൻ നികുതി കുറയ്ക്കുമെന്നാണ് പ്രേമദാസയുടെ പ്രധാന വാഗ്ധാനം.
പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് നയിക്കുന്ന ഇടതുപക്ഷ ചായ്‌വുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന് കീഴിൽ ജനതാ വിമുക്തി പെരമുനയുടെ സ്ഥാനാർത്ഥിയാണ് അനുര കുമാര. യുവ വോട്ടർമാരുടെ പിന്തുണയാണ് തിരഞ്ഞെടുപ്പിൽ അനുര കുമാരയുടെ കരുത്ത്.
ഇന്ധനം, ആഹാരം, വൈദ്യുതി, ജീവൻരക്ഷാ മരുന്നുകൾ തുടങ്ങി എല്ലാ അവശ്യസാധനങ്ങൾക്കും വില കൂടിയ പശ്ചാത്തലത്തിലായിരുന്നു ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. 5100 കോടി ഡോളർ (നാലുലക്ഷം കോടി രൂപ) ആയിരുന്നു ശ്രീലങ്കയുടെ വിദേശകടം.
അടച്ചുതീർക്കേണ്ട 700 കോടി ഡോളറിന്റെ തിരിച്ചടവ് പണമില്ലത്തതിനാൽ ശ്രീലങ്ക അന്ന് നിർത്തിവെച്ചിരുന്നു. ശ്രീലങ്കയിൽ പത്തിൽ ഒമ്പതു കുടുംബങ്ങൾക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി പറഞ്ഞിരുന്നു.