ഗര്‍ഭച്ഛിദ്ര നിരോധനം കാരണം ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; നിലപാട് കടുപ്പിച്ച് കമല

ഗര്‍ഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് കമലയുടെ വിമര്‍ശനം

dot image

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് കമല ഹാരിസ്. ഗര്‍ഭച്ഛിദ്ര നിരോധനം കാരണം രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ട്രംപ് മാറിയിരിക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. ഗര്‍ഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് കമലയുടെ വിമര്‍ശനം.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ജീവനും ഭീഷണിയാണ് ട്രംപ് എന്നും അധികാരത്തില്‍ വരാന്‍ അനുവദിക്കരുതെന്നും ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല പറഞ്ഞു. നേരത്തേ ടെലിവിഷന്‍ സംവാദത്തിലും ഇതേ വിഷയത്തില്‍ കമല ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു.

ഗര്‍ഭച്ഛിദ്ര നിരോധനം സ്ത്രീകളുടെ അവശ്യ പ്രത്യുല്‍പ്പാദന പരിചരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക കമല ഹാരിസ് നേരത്തെയും പങ്കുവെച്ചിരുന്നു. യുഎസിലുടനീളം ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്, ബൈഡനും മറ്റു ഡെമോക്രാറ്റുകള്‍ക്കും വേണ്ടി താന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കമല പറഞ്ഞിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനാണെന്ന് സൂചിപ്പിക്കുന്ന സര്‍വ്വേഫലം നേരത്തെ പുറത്തുവന്നിരുന്നു. 54 ശതമാനം സ്ത്രീകള്‍ കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നുവെന്നാണ് എബിസി ന്യൂസ്/ ഇപ്‌സോസ് സര്‍വ്വേ പ്രവചിക്കുന്നത്. യുഎസ് മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപിനുള്ളത് 41 ശതമാനം പിന്തുണ മാത്രമാണ്.

dot image
To advertise here,contact us
dot image