കമ്മ്യൂണിസ്റ്റ് ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കൻ സൈനികൻ ഓടിക്കയറുക. അയാൾ അവിടുത്തെ ഒരു സൈനികനെ ആക്രമിക്കുകയും, തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത അയാളെ അമേരിക്കയ്ക്ക് കൈമാറുകയും ചെയ്യുക. സിനിമാക്കഥ പോലെ തോന്നുന്നുണ്ടോ? ഇതുവരെ കേട്ട ഉത്തരകൊറിയയെക്കുറിച്ചുള്ള കഥകൾ വെച്ച് ഇത് തികച്ചും അവിശ്വസനീയമായി തോന്നുമെന്ന് തീർച്ച. എന്നാൽ സംഗതി സത്യമാണ് ! ശരിക്കും നടന്നതുമാണ്.
യു എസ് സൈനികൻ ട്രാവിസ് കിങ് ആണ് ഉത്തരകൊറിയയിൽ നിന്ന് വെറുതെ വിടപ്പെടുകയും ഒടുവിൽ അച്ചടക്ക ലംഘനങ്ങളിൽ അമേരിക്ക ശിക്ഷാ ഇളവ് നൽകുകയും ചെയ്ത ആ ഭാഗ്യവാൻ. സംഭവം ഇങ്ങനെയാണ്. 2021ലാണ് കിങ് സൈനികനായി അമേരിക്കൻ ആർമിയിൽ ചേരുന്നത്. ശേഷം ദക്ഷിണ കൊറിയയിലായിരുന്നു അദ്ദേഹത്തിന്റെ ഡ്യൂട്ടി. അവിടെ ഒരു ബാറിൽ വെച്ച് അടിയുണ്ടാക്കിയതിനും, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈവകശം വെച്ചതിനും കിങ് അറസ്റ്റ് ചെയ്യപ്പെട്ട്, ജയിലിൽ കിടന്നു.
ശേഷം ദക്ഷിണ കൊറിയൻ അധികൃതർ കിങ്ങിനെ ടെക്സസിലേക്ക് തന്നെ തിരിച്ചയക്കാൻ തീരുമാനിച്ചു. എന്നാൽ തലസ്ഥാന നഗരത്തിലെ സോൾ വിമാനത്താവളത്തിൽ നിന്ന് കിങ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയും, ദക്ഷിണ കൊറിയ - ഉത്തര കൊറിയ സംയുക്ത സൈനിക മേഖലയിലേക്ക് ഒരു യാത്രാ സംഘത്തിനൊപ്പം എത്തുകയുമായിരുന്നു. അവിടെനിന്നാണ് പൊടുന്നനെ കിങ് ഉത്തരകൊറിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഉത്തര കൊറിയൻ സൈനികർ ഉടൻ തന്നെ കിങ്ങിനെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിവിധ തലത്തിലുള്ള ചർച്ചകൾക്ക് ശേഷം അമേരിക്കയിലേക്ക് കൊണ്ടുപോയ കിങ്ങിന്റെ മേൽ 14 കുറ്റങ്ങളാണ് സൈന്യം ചുമത്തിയത്. ഇതിൽ ഒളിച്ചോട്ടം, മേലധികാരിയെ അനുസരിക്കാതിരിക്കുക, കയ്യേറ്റം തുടങ്ങിയ 5 കുറ്റങ്ങൾ കിങ് സമ്മതിക്കാമെന്നേറ്റതോടെ ബാക്കിയുള്ള ഒമ്പത് കുറ്റങ്ങൾ ആർമിയും കോടതിയും എടുത്തുകളഞ്ഞിരുന്നു.
എന്നാൽ ഇക്കാലയളവിലെല്ലാം കിങ് 338 ദിവസം തടവിൽ കഴിഞ്ഞിരുന്നു. ജയിലിൽ കിങ് പ്രശ്നക്കാരനായിരുന്നില്ല. ഇതോടെ 5 കുറ്റങ്ങളും സമ്മതിച്ച കിങിനെ, കോടതി തന്നെ നല്ലനടപ്പിന്റെ പേരിൽ വെറുതെവിടുകയായിരുന്നു.