കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകേ വിജയിച്ചു. 2022ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യം നടന്നത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 75 ശതമാനമായിരുന്നു പോളിങ്. 2019ൽ ഇത് 83.72 ശതമാനമായിരുന്നു. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഉള്‍പ്പെടെ 38 സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. 2019ലും 38 പേരായിരുന്നു ജനവിധി തേടിയത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയായിരുന്നു പോളിങ് നടന്നത്. ഒന്നേമുക്കാൽ കോടി വോട്ടർമാരാണ് ശ്രീലങ്കയിലുള്ളത്.
ഏറെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു വോട്ടെണ്ണൽ. രണ്ട് ഘട്ടമായി നടന്ന വോട്ടെണ്ണലിൽ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് നേടാനായില്ല. ഇതോടെ ഏറ്റവും കൂടുതൽ ശതമാനം വോട്ട് നേടിയ ദിസനായകെയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഒന്നാം സ്ഥാനത്തെത്തിയ ദിസനായകെയും രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ പ്രതിപക്ഷ നേതാവായ സജിത്ത് പ്രേമദാസയും തമ്മിൽ നടന്നത്. ദിസനായകെ 42.31 ശതമാനം വോട്ട് നേടിയപ്പോൾ പ്രേമദാസ 41.21 വോട്ട് നേടി. നിലവിലെ പ്രസിഡന്റും യുനൈറ്റ നാഷണൽ പാർട്ടി നേതാവുമായ റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേയ്ക്ക് പോയി
ഇത്തവണ 39 പേര്‍ മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരാള്‍ മരിച്ചുപോവുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സ്ഥാനാര്‍ത്ഥികളായി സ്ത്രീ സാന്നിധ്യമില്ല. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥി. മാസങ്ങളോളം നീണ്ട സാമ്പത്തിക അനിശ്ചിതത്തില്‍ നിന്ന് ശ്രീലങ്കയെ പതിയെ കരകയറ്റാന്‍ സാധിച്ചുവെന്ന അവകാശവാദവുമായാണ് റെനില്‍ വിക്രമസിംഗെ ജനവിധി തേടിയത്.
വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയെല്ലാം വെല്ലുവിളിച്ച് മത്സരരംഗത്തുള്ള നാഷണൽ പീപ്പിൾസ് പവറിൻ്റെ നേതാവ് അനുര കുമാര ദിസനായകെയായിരുന്നു ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മാറ്റത്തിൻ്റെ ഏജൻ്റാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ദിസനായകെ തൊഴിലാളിവർഗത്തെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ സഖ്യത്തിൻ്റെ നേതാവെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഗോതബായ രാജപക്സെയെ പുറത്താക്കിയ പൊതു പ്രതിഷേധത്തിൻ്റെ ഭാഗമായവരെ താൻ സേവിക്കുമെന്നായിരുന്നു ദിസനായകെയുടെ പ്രധാന നിലപാട്. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം തൻ്റെ ഭരണത്തിലൂടെ കൊണ്ടുവരുമെന്ന് ദിസനായകെ തിരഞ്ഞടുപ്പ് ഘട്ടത്തിൽ വാഗ്ദാനം ചെയ്തിരുന്നു. മികച്ച സമ്പദ്വ്യവസ്ഥ, അഴിമതിരഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ദിസനായകെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രസിഡൻ്റിനെ പുറത്താക്കുക എന്നതിനപ്പുറം ഒരു പദ്ധതിയും പ്രതിഷേധക്കാർക്ക് ഇല്ലാതിരുന്നതിനാലും ചുമതല ഏറ്റെടുക്കാൻ സജ്ജരാകാത്തതിനാലും ഒരു മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം 2022ൽ സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന് ദിസനായകെ ചൂണ്ടിക്കാണിച്ചിരുന്നു.
രാഷ്ട്രീയ പാർട്ടികൾ, യുവജന ഗ്രൂപ്പുകൾ, വനിതാ ഗ്രൂപ്പുകൾ, ട്രേഡ് യൂണിയനുകൾ, മറ്റ് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ 21 വ്യത്യസ്ത ഗ്രൂപ്പുകൾ ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് നാഷണൽ പീപ്പിൾസ് പവർ. എൻപിപി സഖ്യത്തിന് പിന്നിലെ പ്രധാന ശക്തിയായ മാർക്സിസ്റ്റ് ആശയ അടിത്തറയുള്ള പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടാണ് ദിസനായകെയുടെ യഥാർത്ഥ പാർട്ടി.
2022-ൽ ശ്രീലങ്കയിൽ ആരംഭിച്ച രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. വ്യാപാരക്കമ്മിയും, കടം കുമിഞ്ഞുകൂടിയതും, വിദേശ കരുതൽ ശേഖരത്തിൻ്റെ കടുത്ത ശോഷണവും അടക്കമുള്ള ഭരണ സംവിധാനത്തിൻ്റെ ഘടനാപരമായ സാമ്പത്തിക പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഭക്ഷണത്തിനും റേഷനും വേണ്ടിയുള്ള നീണ്ട ക്യൂ അക്കാലത്ത് രാജ്യത്ത് സർവ്വസാധാരണമായിരുന്നു. വൈദ്യുതി ക്ഷാമം, ഉയർന്ന വൈദ്യുതി വില ജനങ്ങളുടെ ജീവിതദുരിതങ്ങളുടെ പട്ടിക നീണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ജനവികാരം ഇക്കാലത്ത് വ്യാപകമായി. ഒരു 'പുതിയ സംവിധാനം' ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇതുവഴി തെളിച്ചു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധത്തിൽ അക്രമവും സംഘർഷവും തീവെപ്പും ഒന്നിലധികം അവസരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനകീയ പ്രതിഷേധം ശക്തമായതോടെ അവസാന ദിവസങ്ങളിൽ പ്രതിഷേധക്കാർ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലേയ്ക്ക് ഇരച്ചുകയറി. ഗോതബായ രാജപക്സെ രാജിവയ്ക്കാൻ നിർബന്ധിതനായ സാഹചര്യം ഇതായിരുന്നു.