വാഷിങ്ടണ്‍: ഈ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ 2028ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അടുപ്പിച്ച് നാലാമത്തെ തവണയും മത്സരിക്കുമോയെന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷറില്‍ അറ്റ്കിസ്സണിന്റെ 'ഫുള്‍ മെഷര്‍' എന്ന പരിപാടിയിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.
ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, മുന്‍ ഡെമോക്രാറ്റിക് പ്രതിനിധി തുള്‍സി ഗബ്ബാര്‍ഡ്, മുന്‍ സ്വന്തന്ത്ര പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ തുടങ്ങിയാളുകള്‍ക്ക് തന്റെ ഭരണത്തില്‍ ഏത് പദവിയായിരിക്കും നല്‍കുകയെന്നും അറ്റ്കിസ്സണ്‍ ചോദിച്ചു. എന്നാല്‍ താന്‍ ആരുമായും തീരുമാനങ്ങളിലെത്തിയിട്ടില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ട്രംപ് നിരീക്ഷിച്ചു. കെന്നഡിക്ക് ആരോഗ്യത്തിലും പരിസ്ഥിതിയിലും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. സാമാന്യ ബോധ്യമുള്ള വ്യക്തിയെന്നാണ് ഗബ്ബാര്‍ഡിനെ ട്രംപ് വിശേഷിപ്പിച്ചത്. ഫെഡറല്‍ സര്‍ക്കാരില്‍ ചെലവ് കുറയ്ക്കാനുള്ള നയങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് മസ്‌കെന്നും അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് വിജയിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കയില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കുക നിര്‍ണായകം. എന്നാല്‍ വനിതാ വോട്ടര്‍മാരുടെ വോട്ടുകള്‍ കമലയ്ക്കാണ് കൂടുതല്‍ ലഭിക്കുകയെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. 54 ശതമാനം സ്ത്രീകള്‍ കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നുവെന്നാണ് എബിസി ന്യൂസ്/ ഇപ്സോസ് സര്‍വ്വേ പ്രവചിക്കുന്നത്. ട്രംപിനുള്ളത് 41 ശതമാനം പിന്തുണ മാത്രമാണ്.