ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു. 90 വയസായിരുന്നു. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തിയ സൈദ്ധാന്തികരില്‍ ശ്രദ്ധേയനാണ്. രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഡ്യൂക്ക് സര്‍വകലാശാലയില്‍ നീണ്ടകാലം പ്രൊഫസറായിരുന്നു. പോസ്റ്റ് മോഡേണിസത്തിന്റെയും പോസ്റ്റ് ക്യാപിറ്റലിസത്തിന്റെയും തിയറിസ്റ്റ് എന്ന നിലയില്‍ സമകാലിക ദാര്‍ശനിക രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയാണ് ഫ്രെഡറിക് ജെയിംസണ്‍. മാര്‍ക്‌സിസ്റ്റ് തിയറിയുടെ അഭിവാജ്യ ഘടകമാണ് സാംസ്‌കാരിക വിമര്‍ശനം എന്ന് വിശ്വസിച്ച സൈദ്ധാന്തികനായിരുന്നു.
'ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്' എന്ന പുസ്തകത്തിലൂടെ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ സാംസ്‌കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഫ്രെഡറിക് ജെയിംസണ്‍ നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.
സാര്‍ത്രെ: ദി ഒറിജിന്‍സ് ഓഫ് എ സ്‌റ്റൈല്‍, മാര്‍ക്‌സിസം ആന്‍ഡ് ഫോം, ദി പ്രിസണ്‍ ഹൗസ് ലാങ്വേജ്, പോസ്റ്റ് മോഡേണിസം ഓര്‍ ദ കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം, ദ മോഡേണിസ്റ്റ് പേപ്പേഴ്‌സ്, ദ പെര്‍സിസ്റ്റന്‍സ് ഓഫ് ദ ഡയലക്ടിക്, സിഗ്നേച്ചര്‍ ഓഫ് ദ വിസിബിള്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.