ലെബനനിൽ കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ; ടെൽ‌ അവീവിലേക്ക് ആദ്യ റോക്കറ്റ് തൊടുത്ത് ഹിസ്ബുള്ള

ബുധനാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടിരുന്നു

dot image

ബെയ്റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രയേൽ. ദക്ഷിണ ലെബനനിൽ നടന്ന കൂട്ടക്കുരുതിക്ക് പിന്നാലെ ഉത്തര മേഖലകളിലേക്ക് കരയുദ്ധം വ്യാപിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.

കഴി‍ഞ്ഞ മൂന്ന് വർഷത്തിനിടെ 2000ത്തോളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട നിവാസികൾ സുരക്ഷിതമായി തിരിച്ചെത്താതെ ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് അറുതിയുണ്ടാകില്ലെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ചാര സംഘടനയായ മൊസാദ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഹിസ്ബുള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

ബുധനാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തില്‍ 51 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ 569 പേരാണ് മരിച്ചത്. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഹിസ്ബുള്ള റോക്കറ്റ് തൊടുത്തിരുന്നു. ഇത് ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കിയതായി ഇസ്രയേൽ സൈന്യം പറയുന്നു. 40ഓളം ചെറു മിസൈലുകളും ഹിസ്ബുള്ള ഇസ്രയേലിലേക്ക് വിക്ഷേപിച്ചിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ1835 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേൽ ബോംബാക്രമണത്തിൽ നിന്നും സുരക്ഷ തേടി തെക്കൻ ലെബനനിൽ നിന്നും പതിനായിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. മൃതദേഹം റോഡുകളിൽ ചിതറിക്കിടക്കുകയാണെന്ന് ലെബനനിൽ നിന്നും പലായനം ചെയ്യുന്നവർ പറയുന്നു. തെക്കൻ ലെബനനിൽ നിന്നും പലായനം ചെയ്ത 10,000 ആളുകൾക്ക് ബെയ്‌റൂട്ടിൽ അഭയ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

മുതിർന്ന കമാൻഡർ ഇബ്രാംഹിം മുഹമ്മദ് ക്വുബൈസി (അബു മുസ) കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. ബെയുറൂട്ടിലെ തെക്കൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ ക്വുബൈസിയെ കൊലപ്പെടുത്തിയതായാണ് ഇസ്രയേൽ അവകാശപ്പെട്ടത്.

അതേസമയം അക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പൗരന്മാരോട് ലെബനൻ വിടണമെന്ന് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us