ഹിസ്ബുള്ളയ്ക്ക് പുതിയ തലവന്‍; ഹാഷിം സഫീദ്ദീന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായേക്കും

ഇറാന്റെ കൊല്ലപ്പെട്ട മുന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫീദ്ദീന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത്

എസ് ബിനുരാജ്
1 min read|29 Sep 2024, 01:03 pm
dot image

ബെയ്‌റൂത്ത്: ഹസന്‍ നസ്‌റല്ലയുടെ കൊലപാതകം വലിയ ചലനം സൃഷ്ടിക്കുമെന്നിരിക്കെ ഹിസ്ബുള്ളയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നസ്‌റല്ലയുടെ ബന്ധുകൂടിയായ ഹാഷിം സഫീദ്ദീന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ തീരുമാനം ഹിസ്ബുള്ളയ്ക്ക് ഒറ്റക്കെടുക്കാന്‍ സാധിക്കില്ല. ഇറാനിലെ പ്രബല സഖ്യത്തിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ.

നസ്‌റല്ലയുടെ ബന്ധുവാണ് ഹാഷിം സഫീദ്ദീന്‍. 1964ല്‍ ഡെയിര്‍ ക്വാനൗണ്‍ എന്‍ നാഹിറിലാണ് സഫീദ്ദിനിന്റെ ജനനം. ഇറാന്‍ മതനേതാക്കളുടെ പഠനകേന്ദ്രമായ ഖോമിലായിരുന്നു ഹാഷിം മതപഠനം നടത്തിയത്. മാത്രമല്ല ഇറാന്റെ കൊല്ലപ്പെട്ട മുന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മകളെയാണ് സഫീദ്ദീന്റെ മകന്‍ റിദ വിവാഹം കഴിച്ചിരിക്കുന്നത്. ഇറാനില്‍ ഹിസ്ബുള്ളയെ പ്രതിനിധീകരിക്കുന്നത് സഫീദ്ദീന്റെ സഹോദരന്‍ അബ്ദുള്ളയാണെന്നുള്ളതും ശ്രദ്ധേയമാണ്. ഹിസ്ബുള്ളയിലെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന് പുറമേ ഷൂറ കൗണ്‍സിലിന്റേയും ജിഹാദി കൗണ്‍സിലിന്റേയും തലവനാണ് സഫീദ്ദീന്‍. അതേസമയം അമേരിക്കയുടേയും സൗദിയുടേയും കണ്ണിലെ കരടാണ് സഫീദ്ദീന്‍. രണ്ട് രാജ്യങ്ങളും സഫീദ്ദിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നസ്‌റുല്ലയുടെ കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ രൂപീകരണത്തിന് നിര്‍ണായക പങ്കുവഹിച്ച ആളാണ് നസ്‌റല്ല. 1992 ഫെബ്രുവരി മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്നു.

dot image
To advertise here,contact us
dot image