നസ്റല്ലയ്ക്കൊപ്പം ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടു, സ്ഥിരീകരണം

ഹിസ്ബുളളയുടെ മറ്റൊരു നേതാവിനെയും വധിച്ചെന്ന വിവരവും ഇസ്രയേൽ പുറത്തുവിടുന്നു

dot image

ടെഹ്റാൻ: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനെ ഞെട്ടിച്ച് മറ്റൊരു കൊലപാതക വിവരം കൂടി പുറത്ത്. ഹിസ്ബുളള തലവനൊപ്പം ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇറാനിയൻ എലൈറ്റ് ഫോഴ്‌സിൻ്റെ ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷാൻ ആണ് കൊല്ലപ്പെട്ടത്. ഹസ്സന്‍ നസ്റല്ല ആക്രമിക്കപ്പെടുമ്പോൾ ജനറൽ അബ്ബാസ് ലെബനനിലെ ബങ്കറിലുണ്ടായിരുന്നു.

ഹിസ്ബുളളയുടെ മറ്റൊരു നേതാവിനെയും വധിച്ചെന്ന വിവരവും ഇസ്രയേൽ പുറത്തുവിട്ടു. ഹിസ്ബുള്ളയുടെ പ്രിവൻ്റീവ് സെക്യൂരിറ്റി യൂണിറ്റിൻ്റെ കമാൻഡര്‍ നബീല്‍ കൌഖാണ് കൊല്ലപ്പെട്ടത്.

നസ്റല്ലയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയെന്നാണ് ടെഹ്റാനിലെ ഉന്നത വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരം. ഖമനയിയുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ളയെ തകർക്കാൻ മാത്രം ഇസ്രയേൽ ഇല്ലെന്നും ഈ പ്രദേശത്തിൻ്റെ വിധി നിർണ്ണയിക്കുന്നത് പ്രതിരോധ ശക്തികളാണെന്നും കഴിഞ്ഞ ദിവസം ഖമനയി എക്സിലൂടെ പ്രതികരിച്ചിരുന്നു.

നസ്രല്ലയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ചത് ഇറാൻ പൗരനായ ഇസ്രയേൽ ചാരനെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നസ്റല്ല എത്തിയ ബങ്കറിൽ കൃത്യമായി മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർ‌ട്ട്. ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ പാരീസിയൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നസ്രല്ല അതീവ രഹസ്യമായി ബെയ്റൂത്തിലെ ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂ‌​ഗർഭ അറയിൽ വച്ച് ഉന്നതതല യോ​ഗം ചേരുന്നുവെന്ന വിവരമാണ് ചാരൻ വഴി ഇസ്രയേലിലേക്ക് എത്തിയത്. ഇതോടെ ഈ ഭൂ​ഗർഭ അറയിലേക്ക് ഇസ്രയേൽ മിസൈലുകൾ തൊടുത്തു. ശനിയാഴ്ച പുലർച്ചയോടെ നസ്റല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടു.നസ്റല്ലയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു. വൈകാതെ ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. ബെയ്റൂത്ത് ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. 91 പേർക്ക് പരിക്കേറ്റതായും ലെബനൻ അറിയിച്ചു. ആക്രമണത്തിൽ ആറ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us