ബെയ്‌റൂത്ത്: ലെബനനിലെ ജനവാസ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. ബെയ്‌റൂത്തിലെ കോല ജില്ലയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ പലസ്തീനില്‍ നിന്നുള്ള നേതാക്കളാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനനില്‍ നഗര പരിധിക്കുള്ളില്‍ അതിക്രമിച്ച് കയറി ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ഇത് ആദ്യമാണ്. ആക്രമണത്തില്‍ കോലയില്‍ കെട്ടിടം തകര്‍ന്നുവീണു. കൊല്ലപ്പെട്ട മൂന്ന് പേര്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്റെ നേതാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ഭവനരഹിതരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ലെബനനിലെ ഹിസ്ബുള്ളയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നസ്‌റല്ല ഒളിച്ചു കഴിഞ്ഞിരുന്ന ബങ്കറില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെ ലെബനന് പിന്നാലെ യമന്‍ ലക്ഷ്യംവെച്ചും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പവര്‍ സ്റ്റേഷനുകളും തുറമുഖവും ആക്രമണത്തില്‍ തകര്‍ന്നു.