വാഷിങ്ടൺ: പശ്ചിമേഷ്യയി സംഘർഷം കടുപ്പിച്ച് ഇറാൻ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രയേലിന് പൂർണ പിന്തുണയുമായി അമേരിക്ക. ഇസ്രയേലിന് നേരെ ഇറാൻ തൊടുത്ത മിസൈലുകളെ വെടിവെച്ചിടാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇറാന്റെ ആക്രമണം നടന്ന് നിമിഷങ്ങൾക്കുള്ളിലാണ് വൈറ്റ് ഹൌസ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. സ്വയം പ്രതിരോധത്തിന് എല്ലാ സഹായവും ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച അമേരിക്ക, ഏപ്രിൽ 13 ന് ഇസ്രായേലിനെതിരെ ടെഹ്‌റാൻ നടത്തിയ അവസാന ആക്രമണത്തിൽ ഇറാനിയൻ മിസൈലുകൾ വെടിവച്ചിടുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് ഇസ്രയേലിന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. അതികം വൈകാതെ തന്നെ ആക്രമണം നടക്കുകയും ചെയ്തു. ഇതോടെയാണ് പൂർണപിന്തുണയുമായി അമേരിക്ക രംഗത്തെത്തിയത്. ആക്രമണത്തിന് തിരിച്ചടിക്കാൻ ഇസ്രയേൽ പൂർണ സജ്ജമാണെന്ന് ഇസ്രയേൽ സൈനിക വക്താവും അറിയിച്ചിട്ടുണ്ട്.
ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു. നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.