വാഷിങ്ടൺ: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ മുന്നറിയിപ്പ്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനാണ് ഇറാന്‍റെ പദ്ധതിയെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. ആക്രമണത്തിനിറങ്ങിയാല്‍ ഇറാന്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പ്രതികരിച്ചു. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടു.
എന്നാൽ ആക്രമണമുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി എന്തെങ്കിലും തെളിവ് അമേരിക്ക പുറത്തുവിട്ടിട്ടില്ല. ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയുടെയും അബ്ബാസ് നിൽഫറൌഷാന്റെയും കൊലപാതകത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിലെ അമേരിക്കൻ എംബസി ജീവനക്കാർക്കും കുടുംബങ്ങൾക്കും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിർദ്ദേശം. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരാനാണ് നിർദ്ദേശം. ഇറാൻ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണത്തിനൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നീക്കം.