കമ്പനി നിയമം ലംഘിച്ച് പരസ്പരം വിവാഹിതരായി; ജീവനക്കാരായ ദമ്പതികളെ പിരിച്ചുവിട്ട് വത്തിക്കാന്‍ ബാങ്ക്

ബാങ്ക് ജീവനക്കാര്‍ മറ്റ് വത്തിക്കാന്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവാഹിതരാകുന്നതിനും വിലക്കുണ്ട്

dot image

വത്തിക്കാന്‍: വത്തിക്കാന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന യുവതിയും യുവാവും പരസ്പരം വിവാഹിതരായതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു. ഓഗസ്റ്റിലാണ് റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പേരിട്ട ദമ്പതികള്‍ വിവാഹിതരായത്. പിന്നാലെ ദമ്പതികളില്‍ ഒരാള്‍ക്ക് രാജി വെക്കാന്‍ ഒരു മാസം ഇളവ് നല്‍കുകയും മറ്റൊരാളെ ജോലിയില്‍ നിര്‍ത്തുകയുമായിരുന്നു. ഇരുവരും ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സമയപരിധി അവസാനിച്ചതിന് പിന്നാലെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ജൂണ്‍ ആദ്യമാണ് വത്തിക്കാന്‍ ബാങ്ക് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ബാങ്ക് ജീവനക്കാരിലെ അവസാനത്തെ ദമ്പതികളില്‍ ഒരാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നയം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ജീവനക്കാര്‍ മറ്റ് വത്തിക്കാന്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവാഹിതരാകുന്നതിനും വിലക്കുണ്ട്. ഇതില്‍ അസംതൃപ്തരായ ജീവനക്കാര്‍ ഇറ്റാലിയന്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയാകുന്നത്.

എന്നാല്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നയം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് വത്തിക്കാന്‍ ബാങ്ക് സെപ്റ്റംബറില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ദമ്പതികള്‍ക്കിടയില്‍ പ്രൊഫഷണല്‍പരമായ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാനാണിതെന്നും ബാങ്ക് പറയുന്നു. കഴിഞ്ഞ മാസം ദമ്പതികള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് അന്യായമായ നയത്തെക്കുറിച്ച് നീണ്ട കത്ത് നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്‍ കോടതിയിലേക്ക് ഇരുവര്‍ക്കും കേസുമായി പോകാമെന്നും മാധ്യമങ്ങള്‍ പറയുന്നു.

വത്തിക്കാന്‍ ബാങ്കിന് ഏകദേശം 5 ബില്യണ്‍ യൂറോ ആസ്തിയുണ്ട്. എന്നാല്‍ ഒരു സ്ഥലത്ത് 100 ജീവനക്കാരെ മാത്രമേ നിയമിക്കുന്നുള്ളു. ഒരു പുതിയ കുടുംബത്തിന്റെ രൂപീകരണം ബ്യൂറോക്രാറ്റിക് നിയമങ്ങളാല്‍ അപകടത്തിലാകരുതെന്ന് വത്തിക്കാന്‍ തൊഴിലാളി സംഘടനയായ എഡിഎല്‍വി വ്യക്തമാക്കി.

നേരത്തെ വത്തിക്കാന്‍ മ്യൂസിയത്തിലെ തൊഴിലാളികള്‍ തൊഴില്‍ സാഹചര്യത്തയും തൊഴില്‍ സുരക്ഷയെയും കുറിച്ചുള്ള നിയമപോരാട്ടം ആരംഭിച്ചിരുന്നു. ഓരോ തൊഴിലാളിയുടെയും അന്തസും ആരോഗ്യവും ഹനിക്കുന്ന നിയമമാണ് മ്യൂസിയത്തിലേതെന്ന് ചൂണ്ടിക്കാട്ടി വത്തിക്കാന്‍ ഗവര്‍ണറേറ്റിന് ഹര്‍ജി നല്‍കിയിരുന്നു. കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നു, കുറഞ്ഞ ശമ്പളം തരുന്നു, അപര്യാപ്തമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

dot image
To advertise here,contact us
dot image