ഇസ്രയേലിൻ്റെ വ്യോമ പ്രതിരോധത്തെ വെല്ലുവിളിച്ച ഇറാൻ്റെ മീഡിയം റേഞ്ച് മിസൈലുകളിലെ പ്രധാനി ഫത്തേ-2 ഹൈപ്പർ സോണിക് മിസൈൽ ആയിരുന്നു. ഇസ്രായേൽ എഫ്-35 യുദ്ധവിമാനങ്ങളുടെ താവളമായ ബീർഷെബയ്ക്ക് സമീപമുള്ള നെവാറ്റിം എയർബേസ്, ടെൽ നോഫ് എയർബേസ് എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ ഇസ്രായേലി സൈനിക കേന്ദ്രങ്ങളിലായിരുന്നു ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. നെഗേവ് മരുഭൂമിയിലെ ഹാറ്റ്സെറിം എയർബേസും ടെൽ അവീവിലെ മൊസാദ് ആസ്ഥാനവും ഇറാൻ്റെ ബാലസ്റ്റിക് മിസൈലുകൾ ലക്ഷ്യം വെച്ചിരുന്നു.
ഫത്തേ-1 ൻ്റെ പിൻഗാമിയായ ഫത്തേ-2 ഇറാൻ ആദ്യമായാണ് ഉപയോഗിച്ചത്. ദീർഘദൂര ബാലസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഇസ്രായേലിൻ്റെ ആരോ പ്രതിരോധ സംവിധാനത്തെയാണ് ഇത് ലക്ഷ്യമിട്ടതെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ ശേഷിയുള്ളതാണ് ഫത്തേ-2 എന്നാണ് വിലയിരുത്തലുകൾ. ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) പോർമുനയാണ് ഫത്തേ- 2 വിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് Mach 5 നും 20 നും ഇടയിലുള്ള വേഗതയിൽ മിസൈലിന് തന്ത്രപൂർവ്വം ചലിക്കാനും ഗ്ലൈഡ് ചെയ്യാനും സാഹചര്യമൊരുക്കുന്നു. 1,500 കിലോമീറ്ററാണ് ഫത്തേ-2 വിൻ്റെ ദൂരപരിധി. പറക്കുന്നതിനിടയിൽ പാത മാറ്റി പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
മെച്ചപ്പെട്ട ദിശാ നിയന്ത്രണത്തിനായി ചലിക്കുന്ന നോസലോടു കൂടിയ ഗോളാകൃതിയിലുള്ള ഖര-ഇന്ധന എഞ്ചിനാണ് ഫത്തേ-2 വിൽ ഉപയോഗിക്കുന്നത്.
തങ്ങളുടെ 90 ശതമാനം മിസൈലുകളും ലക്ഷ്യങ്ങളിൽ വിജയകരമായി പതിച്ചതായാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെടുന്നത്. എന്നാൽ ഇറാൻ്റെ മിസൈലുകളിൽ ഭൂരിഭാഗവും തകർക്കാനും വെടിവെച്ചിടാനും പരസ്പര സഹായത്തോടെ സാധിച്ചുവെന്നാണ് ഇസ്രായേലും അമേരിക്കയും അവകാശപ്പെടുന്നത്.
ഇറാൻ്റെ ആക്രമണത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരാൾ കൊല്ലപ്പെട്ടെങ്കിലും ഇസ്രായേലിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റാമല്ലയിലെ മിസൈൽ അവശിഷ്ടങ്ങളും മധ്യ ഇസ്രായേലിലെ ഒരു ഗർത്തം ഉദ്യോഗസ്ഥർ പരിശോധിക്കുന്നതുമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇസ്രയേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ 180ലേറെ ബാലസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത്. ആക്രമണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാൽ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്ന് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആര് ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ പിന്മാറ്റം മിഡിൽ ഈസ്റ്റിലെ പിരിമുറുക്കങ്ങൾക്ക് താൽക്കാലിക ആശ്വാസം പകർന്നിട്ടുണ്ട്. എന്നാൽ ഇസ്രയേലിൻ്റെ തുടർനടപടി എന്തായിരിക്കുമെന്നത് ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.