ഹിസ്ബുള്ളയുമായുള്ള എറ്റുമുട്ടലിന് പിന്നാലെ ലെബനനിൽ ഇസ്രയേൽ കരആക്രമണം ആരംഭിച്ചത് ആശങ്കയ്ക്ക് വഴിതെളിച്ചിരുന്നു. ഇസ്രയേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെ മിഡിൽ ഈസ്റ്റിലെ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ലെബനനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും പല പാശ്ചാത്യ രാജ്യങ്ങളും. തങ്ങളുടെ പൗരന്മാരെ ലെബനനിൽ നിന്നും ഒഴിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഈ രാജ്യങ്ങൾ. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാൻ ചൊവ്വാഴ്ച ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ലെബനനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ പാശ്ചാത്യ രാജ്യങ്ങൾ ശക്തമാക്കുകയാണ്. ലെബനന് നേരെയുള്ള ഇസ്രയേലിൻ്റെ ആക്രമണം ശക്തമായതിന് പിന്നാലെ ഏകദേശം ഒരു ദശലക്ഷത്തോളം ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായിയിരുന്നു, ഇതിനോടകം തന്നെ 1,000 ലബനൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ പല വിദേശ എംബസികളും അതത് പൗരന്മാർക്ക് മാർഗ്ഗനിർദ്ദേശങ്ങളും യാത്രാ ഉപദേശങ്ങളും നൽകി രംഗത്തെത്തിയിരിക്കുകയാണ്.
2022 ലെ കണക്കുകൾ പ്രകാരം ഏകദേശം 86,000 യുഎസ് പൗരന്മാരാണ് ലെബനനിൽ താമസിക്കുന്നത്. ഇസ്രായേൽ ലെബനനിലേക്കുള്ള ആക്രമണം ശക്തമാക്കിയതോടെ രാജ്യം വിടാൻ വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കാൻ ഓഗസ്റ്റ് ആദ്യവാരം അമേരിക്ക അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി സൈപ്രസിലേക്ക് ഡസൻ കണക്കിന് സൈനികരെയും അമേരിക്ക വിന്യസിച്ചിരുന്നു. അമേരിക്കക്കാർക്കായി കൂടുതൽ സീറ്റുകളുള്ള ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് എയർലൈനുകളുമായി ചർച്ച നടത്തുകയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്.
കാനഡയിലെ ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇൻ്റർനാഷണൽ ട്രേഡ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്ക് പ്രകാരം 40,000 മുതൽ 75,000 വരെ കനേഡിയൻ പൗരന്മാരാണ് ലെബനനിലുള്ളത്. ലെബനനിലെ സുരക്ഷാ സാഹചര്യം കൂടുതൽ അപകടകരവും അസ്ഥിരമാണെന്നും അതിനാൽ വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ച് പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി മെലാനി ജോളി ചൊവ്വാഴ്ച തൻ്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 800 സീറ്റുകൾ കൂടി നേടിമെന്നും മെലാനി കൂട്ടി ചേർത്തു.
വൈദ്യശാസ്ത്രപരമായി അപകടസാധ്യതയുള്ള ജർമ്മൻ പൗരന്മാരെയും എംബസി ജീവനക്കാരുടെ കുടുംബങ്ങളെയും ഉൾപ്പടെ നിരവധിപ്പേരെ ലെബനനിൽ നിന്ന് ഇതിനകം തന്നെ ജർമ്മനി നീക്കം ചെയ്തു കഴിഞ്ഞു. രാജ്യം വിടാൻ ആഗ്രഹിക്കുന്ന ജർമ്മൻ പൗരന്മാർക്കും സഹായം നൽകുമെന്ന് ജർമ്മൻ വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ലെബനനിൽ രജിസ്റ്റർ ചെയ്തത് 1,800 ജർമ്മൻ പൗരന്മാരാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയ്യിച്ചത്.
സെപ്തംബർ 23 ന് ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്നുണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് തെക്കൻ ലെബനനിൽ 87 കാരിയായ ഫ്രഞ്ച് വനിത കൊല്ലപ്പെട്ടിരുന്നു. സൈപ്രസ്, ബെയ്‌റൂട്ട് എയർപോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ഒഴിപ്പിക്കൽ പദ്ധതികൾ. തുർക്കി വഴിയുള്ള ഒഴിപ്പിക്കലുകളും ചർച്ച ചെയ്യുന്നുണ്ട്. അതെസമയം ഒരു ഫ്രഞ്ച് ഹെലികോപ്റ്റർ കാരിയർ വരും ദിവസങ്ങളിൽ കിഴക്കൻ മെഡിറ്ററേനിയനിൽ എത്തുകയും ലെബനനിൽ നിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കാൻ എത്തുമെന്നുമാണ് കരുതുന്നത്.
പൗരന്മാരോട് ഉടൻ രാജ്യം വിടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് റോയൽ നേവി കപ്പലുകൾ ഉൾപ്പെടെ ഉപയോഗിച്ച് 700 ഓളം സൈനികരെ സൈപ്രസിലേക്ക് മാറ്റി. ബുധനാഴ്ച പുറപ്പെടാൻ ആഗ്രഹിക്കുന്നവർക്കായി ബ്രിട്ടൻ ഒരു വിമാനം നേരിട്ട് ലണ്ടനിലേക്ക് തിരികെ കൊണ്ടുപോകാനായി ചാർട്ടേഡ് ചെയ്തിട്ടുണ്ട്.
ഏകദേശം 15,000 ഓസ്‌ട്രേലിയക്കാർ ലെബനനിൽ താമസിക്കുന്നുണ്ട്. ലെബനനിലെ ഓസ്‌ട്രേലിയയുടെ അംബാസഡർ ആൻഡ്രൂ ബാൺസ്, ലെബനനിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വിദേശകാര്യ വ്യാപാര വകുപ്പിൻ്റെ ക്രൈസിസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു.
ഇറ്റലി തങ്ങളുടെ ബെയ്‌റൂട്ട് എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ശക്തിപ്പെടുത്തുകയും ചെയ്തു. വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി പൗരന്മാരോട് രാജ്യം വിടാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും പ്രദേശത്തെ ഇറ്റാലിയൻ സമാധാന സേനയുടെ സുരക്ഷയെക്കുറിച്ച് ഇസ്രായേലിൽ നിന്ന് ഉറപ്പ് തേടുകയും ചെയ്തിട്ടുണ്ട്.