ബെയ്റൂത്ത്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേൽ നടത്തിയ വ്യോമക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്നലെ രാത്രിയോടെയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 45 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ, മേഖലയിൽ സമാധാനത്തിന് ശ്രമിച്ച യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ വിലക്കി. ഇറാൻ - ഇസ്രയേൽ സംഘഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഗുട്ടറസ് രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതിൽ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങളുടെ തുടർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ഗുട്ടറസിന്റെ പ്രതികരണം. എന്നാൽ അടുത്ത കാലത്തായി തുടരുന്ന യുദ്ധസമാന സാഹചര്യങ്ങൾ തടയാൻ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
യുദ്ധത്തിനല്ല സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേൽ ആക്രമണത്തിനും താത്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിനും പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചത്. ഇസ്രയേൽ തിരിച്ചടിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയെന്നും മസൂദ് പറഞ്ഞിരുന്നു. ഇതിനിടെ ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിലെ ഹെബ്രനിൽ കർഫ്യൂ പ്രഖ്യാപിച്ചു. നിരവധി പലസ്തീൻ യുവാക്കളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ ഇസ്രയേലിനെതിരായ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഇറാന്റെ ആക്രമണമുണ്ടായതിന് പിന്നാലെ ഇസ്രയേലിന് പൂർണപിന്തുണ നൽകി അമേരിക്ക രംഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്നാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ വെടിവെച്ചിടാൻ ഉത്തരവിട്ടുകൊണ്ട് ബൈഡൻ അറിയിച്ചത്.