ബെയ്റൂട്ട്: കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്റല്ലയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും വെടിനിർത്തലെന്ന സമവായത്തിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ലെബനൻ വിദേശകാര്യമന്ത്രി അബ്ദല്ല ബോ ഹബീബ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിലാണ് ലെബനനിൽ വച്ച് നസ്റല്ല കൊല്ലപ്പെടുന്നത്. വെടിനിർത്താൻ ഇരുകൂട്ടരും സന്നദ്ധരായ വിവരം ഫ്രാൻസിനെയും അമേരിക്കയെയും അറിയിച്ചിരുന്നതായും ലെബനൻ വ്യക്തമാക്കി.
ഇസ്രയേൽ ഹിസ്ബുള്ള നേതാവിനെ വധിച്ചത് പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാൻ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേഖലയിൽ വെടിനിർത്തലിന് കരാറിലെത്തിയിരുന്നുവെന്ന വെളിപ്പെടുത്തൽ വരുന്നത്. ഇതോടെ ഇസ്രയേൽ ഇരു വിഭാഗങ്ങളും തമ്മിൽ നടത്തിയ കരാർ ലംഘിച്ചുവെന്നും ഇത് അമേരിക്കയ്ക്കും ഫ്രാൻസിനും അറിയാമായിരുന്നുവെന്ന് കൂടിയാണ് ലെബനൻ്റെ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നത്.
'ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷം കരാറിനെക്കുറിച്ച് അമേരിക്കയെയും ഫ്രാൻസിനെയും അറിയിച്ചു. രണ്ട് പ്രസിഡൻ്റുമാരുടെയും പ്രസ്താവന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി അവർ ഞങ്ങളെ അറിയിച്ചു'; എന്ന് ലെബനീസ് ഹൗസ് സ്പീക്കർ നബിഹ് ബെറി പറഞ്ഞു.
പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സെപ്തംബർ 25 ന് അമേരിക്കയും ഫ്രാൻസും മറ്റ് സഖ്യകക്ഷികളും ചേർന്ന് 21 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ ഒരു ദിവസത്തിന് ശേഷം നെതന്യാഹു വെടിനിർത്തൽ നിർദ്ദേശം നിരസിക്കുകയും സൈന്യത്തോട് 'പൂർണ്ണ ശക്തിയോടെ യുദ്ധം' തുടരാൻ ഉത്തരവിടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ദഹിയയിലെ ബങ്കറിൽ വച്ചാണ് നസ്റല്ല കൊല്ലപ്പെടുന്നത്. ഹിസ്ബുള്ളയുടെ ഉന്നതാധികാര യോഗത്തിന് എത്തിയപ്പോഴായിരുന്നു മിസൈൽ ആക്രമണം. ബങ്കർ ബസ്റ്റർ മിസൈലുകളാണ് നസ്റല്ലയെ കൊല്ലാൻ സെപ്റ്റംബർ 27ന് ഇസ്രയേൽ വർഷിച്ചത്. നസ്റല്ലയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയായായിരുന്നു ഒക്ടോബർ ഒന്നിന് അർദ്ധരാത്രി ഇറാൻ, ഇസ്രയേലിന് നേരെ 180 ലേറെ മിസൈലുകൾ പ്രയോഗിച്ചത്. പിന്നാലെ താത്കാലിക വെടി നിർത്തലും ഇറാൻ പ്രഖ്യാപിച്ചു.
നസ്റല്ല കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ലെബനനിൽ പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾ നടന്നത്. ഹിസ്ബുള്ള പ്രധാനമായും വിവരകൈമാറ്റത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് പേജറുകൾ.